തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ നടുവൊടിച്ച് വിടേണ്ടിവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് ജനങ്ങൾക്കു സേവനം നൽകാനാണ്. ഇന്ത്യയുടെ ടൂറിസം മേഖലയിൽ വൻ കുതിപ്പാണ്. 2023ൽ 92 ലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലെത്തി. രണ്ടേകാൽ ലക്ഷം കോടിയുടെ വിദേശനാണ്യം ടൂറിസത്തിലൂടെ നേടി. ഈ നേട്ടത്തിനു പിറകിൽ രാജ്യത്തെ ഹോട്ടലുകൾ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. ആർ.ബിന്ദു സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എക്‌സലൻസി അവാർഡ് സമർപ്പണവും നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ അദ്ധ്യക്ഷനായി. കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്,ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ നേതാവ് ജി.ഗോപിനാഥ്,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ഗീതിക വർമ,ജനറൽ മാനേജർ ശ്യാം സ്വരൂപ്,അസോ. സംസ്ഥാന സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ,ട്രഷറർ മുഹമ്മദ് ഷെരീഫ്,ബി.ജെ.പി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്,മുസ്‌ലിം ലീഗ് നേതാവ് സി.എച്ച്.റഷീദ് എന്നിവർ പ്രസംഗിച്ചു.
അദ്ധ്യാപകരെ
പ്രതിക്കൂട്ടിലാക്കരുത്:
നഴ്സിംഗ് ടീച്ചേഴ്സ് അസോ.
തിരുവനന്തപുരം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ച പാടില്ലെന്ന് കേരള കൊളീജിയറ്റ് നഴ്സിംഗ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ അനാവശ്യമായി അദ്ധ്യാപകരെ പ്രതിക്കൂട്ടിൽ നിറുത്തരുത്. അദ്ധ്യാപനത്തിനുപരിയായി അസിസ്റ്റന്റ് വാർഡൻ,ലാബ് ഇൻ ചാർജ് പോലുള്ള നിരവധി അധിക ചുമതലകളും നിർവഹിക്കുന്നവരാണ് അദ്ധ്യാപകർ. കൃത്യമായ അന്വേഷണം നടത്തി, വീഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാവൂയെന്നും സംഘടന ആവശ്യപ്പെട്ടു.
ആശമാർക്ക് ഉയർന്ന
വേതനം കേരളത്തിൽ:
എൻ.എച്ച്.എം
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് രാജ്യത്ത് ഉയർന്ന ഓണറേറിയം ലഭിക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) അധികൃതർ അറിയിച്ചു. ആരോഗ്യ സേവനങ്ങൾക്കുള്ള ഇൻസെന്റീവാണ് ഓരോ മാസവും നൽകുന്നത്. 7,000 രൂപയാണ് ഓണറേറിയം. ടെലിഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ ലഭിക്കുന്നു.
2016ന് മുമ്പ് ഓണറേറിയം 1,000 രൂപയായിരുന്നു. ഘട്ടംഘട്ടമായാണ് 7000 രൂപയിലെത്തിയത്.
2023- 24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും എല്ലാ മാസവും കൃത്യമായി ഇൻസെന്റീവുകൾ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തു. ബാക്കിയുള്ള രണ്ടു മാസത്തെ ഓണറേറിയം നൽകാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നൽകുമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |