താരങ്ങളുടെ ജീവിതത്തിൽ അധികമാർക്കും അറിയാത്ത കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകൻ ആലപ്പി അഷ്റഫ് വെളിപ്പെടുത്താറുണ്ട്. പ്രേംനസീർ അടക്കമുള്ള പല താരങ്ങളെയും അദ്ദേഹം ഇതിനോടകം തന്നെ യൂട്യൂബ് ചാനലിൽ കണ്ടന്റ് ആക്കിയിട്ടുണ്ട്.
ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന നളിനിയുടെയും പ്രശസ്ത നടൻ രാമരാജന്റെയും പ്രണയ ജീവിതത്തിലെ വിചിത്രമായ സംഭവങ്ങളെ കുറിച്ചാണ് അദ്ദേഹം തന്റെ പുതിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
"നളിനി സിനിമയിൽ കത്തിജ്വലിച്ചുനിൽക്കുന്ന സമയത്താണ് രാമരാജനുമായി പ്രണയത്തിലാകുന്നത്. നളിനിയുടെ അമ്മയും ആങ്ങളമാരും ബന്ധം എതിർത്തു. രാമരാജൻ നളിനിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തി അവരുടെ മനസ് മാറ്റി വളച്ചെടുത്തതാണെന്നും പറയപ്പെടുന്നു.
അക്കാലത്ത് രാമരാജൻ വളരെ മാർക്കറ്റുള്ള രണ്ടാംനിര താരമായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് ഉന്നതിയിലെത്തിയ നടനായിരുന്നു. ഈ ബന്ധം കാരണം നളിനിയുടെ അഭിനയ ജീവിതം നിന്നുപോകുമെന്ന ആശങ്കയും കുടുംബത്തിനുണ്ടായി. ഈ ബന്ധത്തെ പ്രതിരോധിക്കാൻ ഷൂട്ടിംഗിന് പോകുമ്പോൾ കുടുംബത്തിലെ ചിലരെ ബോഡി ഗാർഡായി ഒപ്പമയക്കാറുണ്ടായിരുന്നു.
എന്നാൽ നളിനി ഒരുദിവസം രാമരാജനൊപ്പം ഒളിച്ചോടി. എംജിആറിന്റെ അടുത്തായിരുന്നു അവർ അഭയം തേടിയെത്തിയത്. അങ്ങനെ അവരുടെ വിവാഹം നടന്നു. പിൽക്കാലത്ത് രാമരാജനെ ജയലളിത എംപിയാക്കുകയും ചെയ്തു. ആ ദാമ്പത്യം 12 വർഷക്കാലമേ നിലനിന്നിരുന്നു. അതിനിടയിൽ അവർക്ക് രണ്ട് കുട്ടികളും പിറന്നു.
അവർ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ കാരണം സിനിമാ കഥയെപ്പോലും വെല്ലുന്നതാണ്. സാധാരണ വേർപിരിയലിന്റെ കാരണം അവിഹിത ബന്ധം, പെരുമാറ്റദൂഷ്യം, മദ്യപാനം, സംശയം, പിന്നെ സ്ത്രീധനം ഇവയൊക്കെയായിരിക്കാം. എന്നാൽ ഇവരെ സംബന്ധിച്ച് അതൊന്നുമല്ല. ഇവർ വേർപിരിയാനുള്ള പ്രധാന കാരണം ജ്യോത്സ്യപ്രവചനമാണ്.
ജ്യോത്സ്യൻ പറയുന്നു, ഈ രണ്ട് കുട്ടികൾ പിതാവിനൊപ്പം ജീവിച്ചാൽ പിതാവിനോ കുട്ടികൾക്കോ ജീവനാശം വരെ സംഭവിച്ചേക്കാമെന്ന്. അഭിനയത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ രാമരാജന്റെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്രേ, നിങ്ങൾ അഭിനയം തിരഞ്ഞെടുത്താൽ സർവനാശം ഉണ്ടാകുമെന്ന്. ഈയിടെയാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വേർപിരിഞ്ഞ് 25 വർഷം പിന്നിട്ടെങ്കിലും രണ്ടുപേരും അവിവാഹിതരായി കഴിയുന്നു. ഞാനിപ്പോഴും അദ്ദേഹത്തെ പ്രണയിക്കുന്നെന്ന് നളിനി ചാനലുകളോട് വിളിച്ചുപറഞ്ഞിരുന്നു.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |