തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ ശേഷം പ്രതി റിജോ ആന്റണി (51) സംസാരിച്ചിരുന്നത് യാതൊരു കൂസലുമില്ലാതെയെന്ന് അയൽക്കാർ. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്‌തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം റിജോയുടെ വീട്ടിൽ നടത്തിയ കുടുംബ സംഗമത്തിലും ഇതേക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. 'അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും' എന്നായിരുന്നു ചിരിച്ചുകൊണ്ട് റിജോ പറഞ്ഞ മറുപടി. നിമിഷങ്ങൾക്കകം തന്നെ റിജോയെ തേടി പൊലീസ് അവിടേക്കെത്തി.
വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. ഇന്നലെ റിജോയുടെ വീട്ടിൽ വച്ചായിരുന്നു കുടുംബ സംഗമം. പള്ളിയിൽ നിന്നും അച്ഛൻ വന്ന് മോഷ്‌ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ 'ഏയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ല' എന്നാണ് റിജോ മറുപടി നൽകിയത്. വലിയ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയിലായിരുന്നു റിജോ. പൊലീസ് റിജോയെ പിടികൂടിയപ്പോൾ അമ്പരന്നുപോയെന്ന് കണ്ടുനിന്നവർ പറഞ്ഞു.
മോഷണത്തിന് ശേഷം ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് പ്രതി പണവുമായി കഴിഞ്ഞിരുന്നത്. സംഭവദിവസം ധരിച്ച ജാക്കറ്റ് ഇയാൾ കത്തിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്താൻ ഉച്ചസമയം പ്രതി തിരഞ്ഞെടുത്തത്. ജീവനക്കാർ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവർച്ച നടത്തുമ്പോൾ ബാങ്കിൽ 45 ലക്ഷം ഉണ്ടായിരുന്നിട്ടും 15 ലക്ഷം രൂപമാത്രമാണ് പ്രതി എടുത്തത്. ഇതും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായി.
പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകൾ കണ്ടപ്പോൾ അതെടുക്കുകയായിരുന്നു. ബാങ്കിലുള്ളവർ പൊലീസിന് ഫോൺ ചെയ്യുമെന്ന് കരുതി കൈയിൽ കിട്ടിയ പണവുമായി പ്രതി പുറത്തിറങ്ങുകയായിരുന്നു. അതിനാൽ 15 ലക്ഷം രൂപ മാത്രമേ റിജോയ്ക്ക് എടുക്കാൻ കഴിഞ്ഞൂള്ളു. മോഷണമുതലിൽ നിന്ന് 2,94,000 രൂപ അന്നനാട് സ്വദേശിക്ക് കടം വീട്ടാൻ നൽകിയിരുന്നു. ഇതിൽ 2,29000 രൂപ അന്നനാട് സ്വദേശി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ടിവി വാർത്ത കണ്ടാണ് അന്നനാട് സ്വദേശിക്ക് പ്രതി റിജോ ആണെന്ന് മനസിലാക്കിയത്. തുടർന്ന് പണം ഹാജരാക്കുകയായിരുന്നു.
അതേസമയം, റിജോയുടെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ബാങ്കിൽ നിന്ന് മോഷ്‌ടിച്ച 15 ലക്ഷം രൂപയിൽ 12 ലക്ഷവും റിജോയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് ധരിച്ചിരുന്ന വസ്‌ത്രവും വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |