കൊച്ചി: ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമായി പരീക്ഷാച്ചൂടിലാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. ഇരുവിഭാഗങ്ങളിലായി ജില്ലയിൽ 70,000ലേറെ പേർ പരീക്ഷ എഴുതുന്നുണ്ട്.
ഇന്നുമുതൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ആരംഭിക്കും. പൊതുപരീക്ഷ മാർച്ച് മൂന്നു മുതലാണ്.
കുട്ടികളുടെ പരീക്ഷാപ്പേടി ഇല്ലാതാക്കാൻ വിദ്യാഭ്യാസ വകുപ്പ് കൗൺസലിംഗ് അടക്കമുള്ളവ നടപ്പിലാക്കി. സി.ബി.എസ്.ഇ പൊതുപരീക്ഷ ശനിയാഴ്‌ച ആരംഭിച്ചു. സമ്മർദ്ദം ഒഴിവാക്കാൻ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് കൗൺസലിംഗിന്റെ നേതൃത്വത്തിൽ വി ഹെൽപ് ടെലികൗൺസലിംഗ് ആരംഭിച്ചു. 1800-425-2844 എന്ന നമ്പറിൽ വൈകിട്ട് ഏഴുമുതൽ 9 വരെ വിളിക്കാം.
ടെൻഷൻ ഒഴിവാക്കാം
ഹാൾടിക്കറ്റ്, പേന തുടങ്ങിയവ തലേദിവസം എടുത്തുവയ്ക്കണം
പ്രാതൽ കഴിച്ചില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് നെഞ്ചിടിപ്പ്, വെപ്രാളം എന്നിവ ഉണ്ടാകും
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ദീർഘശ്വസന വ്യായാമം നല്ലത്
നിർജലീകരണം തടയാൻ ഉപ്പ്, പഞ്ചസാര എന്നിവയിട്ട നാരങ്ങവെള്ളം പരീക്ഷയ്ക്ക് തൊട്ടുമുമ്പ് കുടിക്കാം
അഞ്ചുമിനിറ്റ് ചോദ്യം നന്നായി വായിക്കണം
നന്നായി അറിയാവുന്ന ചോദ്യം ആദ്യം എഴുതണം
ചോദ്യത്തിന്റെ നമ്പർ ശരിയായി രേഖപ്പെടുത്തണം
സംശയമുള്ളവയും അറിയാത്തവയും അവസാനമെഴുതണം
മനോ നിറവ് ശ്വസനം
രാവിലെ പഠിക്കാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ് 15 മിനിറ്റ് വ്യായാമം ദിവസേന ശീലമാക്കാം. പഠിക്കാൻ ഇരിക്കുന്ന കസേരയിലിരുന്നു കൊണ്ട് തന്നെ കണ്ണുകൾ അടച്ച് ഇടതുകൈ നെഞ്ചിലും വലതുകൈ വയറ്റിലുമായി വച്ച് ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. മൂക്കിലൂടെ വായു ഉള്ളിലേക്ക് ഒഴുകി തൊണ്ടയിലൂടെ താഴേക്ക് വന്നു നെഞ്ചിൽ ശ്വാസകോശത്തിലേക്ക് നിറയുന്നത് അറിയാം. തുടർന്ന് ശ്വാസകോശത്തിൽ നിന്ന് വായു പതിയെ മുകളിലേക്ക് ഒഴുകി പുറത്തേക്ക് വരുന്നതും ശ്രദ്ധിക്കാം. ശേഷം കൈകൾ കൂട്ടിത്തിരുമ്മി ചൂടാക്കിയശേഷം കൈകൾ കണ്ണുകൾക്ക് മുകളിലേക്ക് വയ്ക്കുക.
താരതമ്യം ഒഴിവാക്കണം
കുട്ടികളെ താരതമ്യം ചെയ്യുന്ന രീതി വീടുകളിലും വിദ്യാലയങ്ങളിലുമുണ്ട്. പരീക്ഷകളിൽ നല്ല മാർക്ക് ലഭിച്ചില്ലെങ്കിൽ ഉന്നത പഠനം അസാദ്ധ്യമാകുമെന്ന സമ്മർദ്ദം ഉണ്ടാവുമ്പോൾ കുട്ടികളുടെ ഉത്കണ്ഠ കൂടുന്നു. പരീക്ഷയെക്കുറിച്ചോർത്ത് ഉറക്കം ഇല്ലാതാകും. പരീക്ഷാദിവസം തലകറങ്ങി വീഴുക, ഛർദ്ദിക്കുക, വയറുവേദന, ശരീര വേദന എന്നിവ കാണപ്പെടാറുണ്ട്. ചിലകുട്ടികൾക്ക് നെഞ്ചിടിപ്പ് കൂടുകയും കണ്ണിൽ ഇരുട്ട് കയറുന്നതായും തോന്നും. പാനിക് അറ്റാക്ക് വരെ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
പരീക്ഷയ്ക്ക് തലേദിവസം കുട്ടികളെ സമ്മർദ്ദത്തിലാഴ്ത്താതെ ശ്രദ്ധിക്കണം. വിദ്യാർത്ഥികളെ മാനസികമായി തളർത്തരുത്. ആറുമണിക്കൂറെങ്കിലും ഉറങ്ങണം.
ഡോ. അരുൺ ബി. നായർ
സൈക്യാട്രി വിഭാഗം പ്രൊഫസർ
തിരുവനന്തപുരം മെഡിക്കൽ കോളജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |