കോഴിക്കോട്: അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 32 കുടുംബങ്ങൾക്ക് കല്ലുത്താൻകടവ് ഫ്ലാറ്റിൽ താമസ സൗകര്യമൊരുക്കാൻ മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനം. ഏകാംഗ കുടുംബം അല്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾക്ക് മുൻഗണന നൽകും. 28 ഫ്ലാറ്റുകൾ പെൺകുട്ടികളുള്ള വിധവകളായ സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾ, കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്കും മുൻഗണനാക്രമത്തിൽ അനുവദിക്കും. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭവനപുനരുദ്ധാരണം ആവശ്യമായവർക്ക് വേണ്ട സഹായം ലഭ്യമാക്കുന്നതിന് വാർഡ് തല കമ്മിറ്റി രൂപീകരിക്കാനും കൗൺസിൽ അനുമതി നൽകി.
ബിൻ വൃത്തികേടാക്കേണ്ട
പിടികൂടാൻ ഷാഡോ ടീമുണ്ട്
അഴകുള്ള സ്റ്റീൽ ബിന്നിൽ വീട്ടുമാലിന്യവും അറവ് മാലിന്യവും തള്ളേണ്ട പിടികൂടാൻ കോർപ്പറേഷൻ ഷാഡോ ടീമുണ്ട്. മാലിന്യ മുക്ത കോഴിക്കോട് ലക്ഷ്യമാക്കി കോർപ്പറേഷൻ നഗരത്തിൽ സ്ഥാപിച്ച ട്വിൻ ബിന്നുകളിൽ വീട്ടുമാലിന്യം ഉൾപ്പെടെ നിക്ഷേപിച്ച സാഹചര്യത്തിലാണ് കൗൺസിലിന്റെ നടപടി. ഒരോ ട്വിൻ ബിന്നുകളുടെയും സമീപത്തായി ഷാഡേ ടീം അംഗങ്ങൾ ഉണ്ടാകും. ഇവർ വീട്ടുമാലിന്യം ഇടുന്നവരെ പിടികൂടി പിഴ ഈടാക്കും. ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും മാലിന്യ നിർമ്മാർജന ബോധവത്കരണ ക്ലാസിൽ അയക്കും. മാലിന്യം നിക്ഷേപിക്കുന്നവരുടെ വീടുകളിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തും. ബിന്നിന് അടുത്ത് ' വീട്ടു മാലിന്യം നിക്ഷേപിക്കരുതെന്ന് മലയാളത്തിലെഴുതിയ ബോർഡുകൾ സ്ഥാപിക്കും. കേരളത്തിൽ കൂടുതൽ ട്വിൻ ബോർഡുകൾ സ്ഥാപിച്ചത് കോഴിക്കോട് കോർപ്പറേഷനാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ജെെവം, അജെെവം എന്നിങ്ങനെ വേർതിരിച്ച് മാലിന്യം നിക്ഷേപിക്കണമെന്ന നിർദ്ദേശം പലയിടത്തും പാലിക്കുന്നില്ലെന്നും മനുഷ്യവിസർജമടക്കം ആളുകൾ ബിന്നിൽ നിക്ഷേപിക്കുന്നെന്നും കൗൺസിലർമാർ പറഞ്ഞു. കുട്ടികളുടെ ഡയപ്പറുകളും മറ്റും നിക്ഷേപിക്കാൻ നഗരത്തിൽ സംവിധാനം ഒരുക്കണമെന്ന് കൗൺസിലർ മൊയ്തീൻ കോയ പറഞ്ഞു.
മാലിന്യ സംസ്കരണത്തിന്
കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്
ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ പൊതുമേഖല സ്ഥാപനമായ ബി.പി.സി.എല്ലിന് സ്ഥലം അനുവദിക്കാൻ കൗൺസിൽ തീരുമാനം. പ്ലാന്റിന് ആവശ്യമായ 8 ഏക്കറോളം സ്ഥലം 20 വർഷത്തേക്ക് ലീസ് വ്യവസ്ഥയിൽ അനുവദിച്ചാൽ പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് സി.എസ്.ആർ ഫണ്ട് ചെലവഴിച്ച് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻറ് സ്ഥാപിക്കുമെന്നാണ് ബി.പി.സി.എൽ അറിയിച്ചത്. മാലിന്യ സംസ്കരണത്തിന് സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ് കരാറും കൂടാതെ കോർപ്പറേഷന്റെ മറ്റു കരാറുകളും റദ്ദാക്കിയാണ് ബി.പി.സി.എലുമായി ചേർന്ന് പുതിയ പദ്ധതി നടപ്പാക്കാൻ തീരുമാനം.
'ഭവനപുനരുദ്ധാരണത്തിന് ഇതുവരെ 240 അപേക്ഷകളാണ് വന്നത്. അതിൽ 140 പേരുടെ അപേക്ഷയിൽ നടപടിയുണ്ടായി. നവംബറോടെ എല്ലാവർക്കും ഭവനപുനരുദ്ധാരണം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം'. മുസാഫർ അഹമ്മദ് , ഡെപ്യൂട്ടി മേയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |