നെയ്യാറ്റിൻകര: സമാധിയിരുത്തിയെന്ന് മക്കൾ അവകാശപ്പെട്ടതോടെ വിവാദത്തിലായ നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽകയറിയെന്ന് പറഞ്ഞ് യുവാവിന്റെ പരാക്രമം.
നെയ്യാറ്റിൻകര ചെമ്പരത്തി വിള തൊഴുക്കലിലാണ് അനീഷ് എന്ന യുവാവ് നാട്ടുകാർക്കും പൊലീസിനും തലവേദനയായത്. ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. തൊഴുക്കലിലുള്ള മൂന്ന് യുവാക്കളെ വീട്ടിൽ കയറി അകാരണമായി മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയുമായിരുന്നു. മൂന്നുപേർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പൊലീസ് അനീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ആശുപത്രിയിലും ഇയാൾ ആക്രമണത്തിന് മുതിർന്നതായി പൊലീസ് പറഞ്ഞു.
പൊലീസുമായി പിടിവലിയുണ്ടായതോടെ കൈകാലുകൾ ബന്ധിച്ചാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ക്ഷേത്രത്തിലെ പൂജാരിയാണെന്നാണ് അനീഷ് പറയുന്നത്. ഇയാളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കളെ ഉപദ്രവിച്ചതിനും വാഹനങ്ങൾ കേടുവരുത്തിയതിനും ഇയാൾക്കെതിരെ കേസെടുക്കും. ലഹരി ഉപയോഗിക്കുന്ന ഇയാൾ മുമ്പും ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |