തിരുവനന്തപുരം: നെറ്റും (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) യൂണിവേഴ്സിറ്റി നടത്തുന്ന എൻട്രൻസുമില്ലാതെ സർക്കാർ ഉദ്യോഗസ്ഥർക്ക് പിഎച്ച്.ഡി പ്രവേശനം നൽകാനുള്ള കേരള സർവകലാശാലയുടെ വഴിവിട്ട നീക്കം തടഞ്ഞ് വൈസ്ചാൻസലർ. ഇന്നലെ നടന്ന അക്കാഡമിക് കൗൺസിൽ വിഷയം പരിഗണിച്ചെങ്കിലും അനുവദിക്കാനാവാത്ത ആവശ്യമാണിതെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കി. 7 വർഷം സർവീസുള്ള അൺ എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും വി.സി വഴങ്ങിയില്ല. യു.ജി.സി ചട്ടത്തിന് വിരുദ്ധമായി യോഗ്യതായിളവിനുള്ള സർവകലാശാലയുടെ നീക്കം,'കേരളകൗമുദി' പുറത്തു കൊണ്ടുവന്നിരുന്നു.
ഏഴു വർഷം സർവീസുള്ള സർക്കാർ, എയ്ഡഡ് കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകർക്ക് നെറ്റും എൻട്രൻസുമില്ലാതെ പിഎച്ച്.ഡി പ്രവേശനം അനുവദിക്കുന്നുണ്ട്. വി.എസ്.എസ്.സിയടക്കം ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾക്കും ഇളവുണ്ട്. ഇതേ രീതിയിലാണ് സർക്കാർ ഉദ്യോഗസ്ഥർക്കും അൺ എയ്ഡഡ് അദ്ധ്യാപകർക്കും ഇളവിന് വഴിവിട്ട നീക്കം നടത്തിയത്. അദ്ധ്യാപകർക്ക് പിഎച്ച്.ഡി നേടുന്നതിന് പ്രോത്സാഹനമായാണ് യോഗ്യതായിളവ് . ഇത് ഉദ്യോഗസ്ഥർക്കു കൂടി നൽകിയാൽ ഗവേഷണത്തിന്റെ ഗുണനിലവാരം ഇടിയുമെന്നും ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നും വി.സി നിലപാടെടുത്തു.
സർക്കാർ, എയ്ഡഡ് കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകർക്ക് നൽകിയിരുന്ന ഇളവും ഒഴിവാക്കണമെന്ന് വി.സി ആവശ്യപ്പെട്ടു. ഇതിനെ അദ്ധ്യാപകരും സിൻഡിക്കേറ്റംഗങ്ങളും എതിർത്തു. ഇക്കാര്യത്തിൽ കൗൺസിൽ അന്തിമ തീരുമാനമെടുത്തില്ല. പിഎച്ച്.ഡി പ്രവേശനം നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കാനാണ് യു.ജി.സി നിർദ്ദേശം. സർവകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണിക്കാനും ആവശ്യപ്പെട്ടിരുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിച്ചാൽ ബിരുദാനന്തര ബിരുദമുള്ള സ്വാധീനക്കാർക്ക് പിഎച്ച്.ഡി പ്രവേശനം കിട്ടുമായിരുന്നു. ജോലിയുള്ളതിനാൽ എല്ലാവരും പാർട്ട്ടൈമിലേക്ക് മാറും.ഡീൻസ് കൗൺസിൽ ഇക്കാര്യം പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.
'' പിഎച്ച്.ഡി പ്രവേശനത്തിൽ യോഗ്യതായിളവ് അനുവദിക്കില്ല. നെറ്റോ എൻട്രൻസോ വേണം..''
-ഡോ.മോഹനൻ കുന്നുമ്മേൽ
കേരള വി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |