ചെങ്ങന്നൂർ : പുനർനിർമ്മിച്ച തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽപ്പടി - വാരണേത്ത് പടി റോഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.പഞ്ചായത്തിന്റെ 2, 13 വാർഡിലൂടെ കടന്നുപോകുന്ന റോഡാണിത്. വർഷങ്ങളായി തകർന്ന റോഡിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് വാർഡംഗം ശ്രീവിദ്യാ സുരേഷ് മന്ത്രി സജി ചെറിയാന് നൽകിയ പരാതിയുടെ ഫലമായി മന്ത്രി ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച 58 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പുനർനിർമ്മിച്ചത്. കടയ്ക്കേത്തു കൺസ്ട്രക്ഷനാണ് റോഡിന്റെ നിർമ്മാണ ജോലികൾ നിർവഹിച്ചത്. വനവാതുക്കര ഭാഗത്തുള്ളവർക്ക് തിരുവൻവണ്ടൂരിലേക്ക് വളരെ വേഗം യാത്ര ചെയ്യുവാനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്. 500 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും ഒരു വശത്തുകൂടി ഓടയും നിർമ്മിച്ചിട്ടുണ്ട്. റോഡ് സാധാരണയിൽ നിന്നും നന്നേ ഉയർത്തിയിട്ടുമുണ്ട്. റോഡിന്റ ചില ഭാഗങ്ങളിലുള്ള വെള്ളക്കെട്ടിന് ഓട നിർമ്മാണത്തിലൂടെ ശാശ്വത പരിഹാരവും ഉണ്ടായിട്ടുണ്ട്. റോഡ് തകർച്ച സംബന്ധിച്ച് കേരള കൗമുദി നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ അദ്ധ്യക്ഷനായി. വാർഡ് അംഗം ശ്രീവിദ്യാ സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വത്സല മോഹൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി സജി ചെറിയാൻ ,ഫിഷറീസ് ഓവർസിയർ അജയഘോഷ്,കരാറുകാരൻ അബു സക്കറിയ, എന്നിവരെ യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ ,വാർഡ് അംഗം ശ്രീവിദ്യ സുരേഷ് എന്നിവർക്ക് മൊമന്റോ നൽകി അനുമോദിച്ചു.
നിർമ്മാണച്ചെലവ് 58 ലക്ഷം രൂപ
..........................
500 മീറ്റർ നീളം
5 മീറ്റർ വീതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |