തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ എട്ടു ദിവസമായി ആശാപ്രവർത്തകർ നടത്തുന്ന സമരം ശക്തമായതോടെ പൊലീസിന്റെ ഇടപെടൽ. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. തുടർന്ന് ഇന്നലെ നേതാക്കൾക്ക് നേരിട്ട് ഹാജരാകാനുള്ള സമൻസ് നൽകി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു, നേതാക്കളായ എസ്.മിനി, പി.കെ.റോസമ്മ, ഷൈല.കെ.ജോൺ എന്നിവർക്കാണ് നേട്ടീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പൊലീസിന്റെ നിർദ്ദേശം അനുസരിക്കാതിരിക്കൽ, നിയമവിരുദ്ധമായ സംഘം ചേരൽ പൊതുവഴി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ആശാ പ്രവർത്തകർ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് പരിഹാരം കാണാതെ കേസെടുത്ത് സമരത്തെ അടിച്ചമർത്താമെന്നാണ് സർക്കാർ കരുതുന്നതെന്ന് നേതാക്കൾ പറഞ്ഞു. സർക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിൽ പ്രതിഷേധിച്ച് മുഴുവൻ ആശമാരും വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മുന്നിൽ നടക്കുന്ന മഹാസംഗമത്തിൽ അണിചേരുമെന്ന് ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു.
ഇന്ന് മാർ
കൂറിലോസ് എത്തും
ആശാപ്രവർത്തകരുടെ സമരത്തിന് പിന്തുണ കൂടുന്നു.സി.ആർ.മഹേഷ് എം.എൽ.എ, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൻസെന്റ്, വിൻസെൻഷ്യൻ സോഷ്യൽ സർവീസസ് സംഘടനയെ പ്രതിനിധീകരിച്ച് ഫാദർ ടോണി, ജോർജ്, ടോം, തുടങ്ങിയ വിവിധ സംഘടന നേതാക്കളും പ്രവർത്തകരും ഇന്നലെ സമരപ്പന്തലിലെത്തി. ഇന്ന് നടക്കുന്ന ധർണ ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |