തൃശൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്വരാജ് പുരസ്‌കാരങ്ങളിൽ മികച്ച നേട്ടങ്ങളുമായി തൃശൂർ ജില്ല. സംസ്ഥാനതലത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനവും ഗ്രാമപഞ്ചായത്തുകളിൽ മൂന്നാം സ്ഥാനവും ലഭിച്ചപ്പോൾ മുനിസിപ്പാലിറ്റികളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ജില്ലയ്ക്കാണ്. മഹാത്മ അയ്യങ്കാളി പുരസ്‌കാരവും ജില്ലയിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യ സംസ്‌കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയാണ് പുരസ്‌കാരം നിർണയിച്ചത്.
തലയുയർത്തി ഗുരുവായൂരും വടക്കാഞ്ചേരിയും
സ്വരാജ് ട്രോഫിയിൽ തലയുയർത്തി ഗുരുവായൂർ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റികൾ. സംസ്ഥാനതലത്തിൽ മുനിസിപ്പാലിറ്റികളിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിക്കാണ് ഒന്നാം സ്ഥാനം. 250 മാർക്കിൽ 168 മാർക്കാണ് ഗുരുവായൂർ നേടിയത്. ഗുരുവായൂരിലാണ് ഇത്തവണത്തെ തദ്ദേശ ദിനാഘോഷമെന്നത് പുരസ്‌കാരനേട്ടത്തിന് തിളക്കംകൂട്ടി. 138 മാർക്ക് നേടി വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്കാണ് രണ്ടാം സ്ഥാനം. സ്വരാജ് ട്രോഫിക്ക് പുറമേ ഗുരുവായൂരിന് 50 ലക്ഷം രൂപയും വടക്കാഞ്ചേരിക്ക് 40 ലക്ഷം രൂപയും ലഭിക്കും. മഹാത്മ അയ്യങ്കാളി പുരസ്‌കാരത്തിലും വടക്കാഞ്ചേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിൽ കൊടകര ബ്ലോക്ക് രണ്ടാം സ്ഥാനം നേടി. 125ൽ 101 മാർക്കാണ് കൊടകരയ്ക്ക്. ഗ്രാമപഞ്ചായത്തുകളിൽ മറ്റത്തൂരിനാണ് നേട്ടം. ജില്ലാതലത്തിൽ മികച്ച പഞ്ചാത്തുകളായി വെങ്കിടങ്ങും പാവറട്ടിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
നേട്ടങ്ങളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പ് മികച്ച നേട്ടങ്ങൾ കൈവരിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 46197 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 5,41,316 വീടുകൾ അനുവദിച്ചു. ഇതിൽ 4,29,425 വീടുകൾ പൂർത്തിയാക്കി. 1,11,891 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണം 33378ൽ നിന്നും 37363 ആയി. എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഡിജി കേരളം പദ്ധതി പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |