തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്നകത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്നും പൂക്കോട് റാഗിംഗ് കേസിലെ പ്രതികളായ എസ്എഫ്‌ഐ ഗുണ്ടകളെ സർക്കാർ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിംഗ് അരങ്ങേറിയതെന്നും കത്തിൽ പറയുന്നു.
കത്തിന്റെ പൂർണ്ണരൂപം
ബഹു. മുഖ്യമന്ത്രി,
വളരെയേറെ മനോദുഖത്തോടെയും ഹൃദയ വേദനയോടെയുമാണ് ഞാൻ അങ്ങേക്ക് ഈ കത്തെഴുതുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ്, നെടുമങ്ങാട് ജയപ്രകാശ് - ഷീബ ദമ്പതികളുടെ മകനായ ജെ. എസ് സിദ്ധാർത്ഥൻ, വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ 20ലധികം വരുന്ന എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര മർദ്ദനത്തെ തുടർന്ന് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.
'അവന്റെ അന്ത്യ വിശ്രമ സ്ഥലത്ത് രണ്ട് തവണ മാത്രമേ ഞാൻ പോയിട്ടൂള്ളൂ. അവിടെ പതിച്ച അവന്റെ ചിത്രത്തിലേക്ക് നോക്കുമ്പോൾ അമ്മേ എന്ന് വിളിക്കുന്നതായി തോന്നും. കോളേജ് അധികൃതർ റാഗിംഗിന് കൂട്ട് നിൽക്കുമ്പോൾ ഇരകൾക്ക് എങ്ങനെ നീതി കിട്ടും? അവരെ പേടിച്ച് ആരും കോളേജിൽ നടക്കുന്നതൊന്നും പുറത്ത് പറയില്ല'' എന്ന സിദ്ധാർത്ഥന്റെ മാതാവ് ഷീബയുടെ വാക്കുകൾ ആരുടെ മനസാണ് പിടിച്ചുലയ്ക്കാത്തത്. ഒരു മനുഷ്യത്വ രഹിത സമൂഹത്തിനു നേരെ ഇതലേറ ദീനമായി എങ്ങനെ സംസാരിക്കാനാകും.
ആന്റി റാഗിങ്ങ് സ്വാഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് 16.02.2024 നും 17.02.2024 നും ഇടയിലുള്ള രാത്രിയിൽ, സിദ്ധാർത്ഥന്റെ സഹവിദ്യാർത്ഥികളും, സീനിയർ വിദ്യാർത്ഥികളും ചേർന്ന് 'മൃഗീയമായ ശാരീരിക ആക്രമണത്തിനും പൊതുവിചാരണക്കും വധേയനാക്കി എന്നാണ്. ഒരു തുള്ളി വെള്ളമോ ഒരിറ്റു ഭക്ഷണമോ നൽകാതെ 21ാം നമ്പർ മുറിയിൽ പൂട്ടിയിട്ട സിദ്ധാർത്ഥനെ ഇരുപതിലധികം എസ്എഫ്‌ഐ ഗുണ്ടകൾ ബെൽറ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിൾ വയർ എന്നിവ ഉപയോഗിച്ച് അടിക്കുകയും ചെയ്തു എന്നും സിദ്ധാർത്ഥനെ വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിച്ച് നിറുത്തി എന്നും ഹോസ്റ്റലിന്റെ നടുത്തളത്തലേക്ക് കൊണ്ടുപോയി അവിടെ വച്ചും സിദ്ധാർത്ഥനെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേരളത്തിൽ ഇത് വരെ കേട്ട് കേൾവിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാർത്ഥൻ എന്ന പാവം വിദ്യാർത്ഥി നേരിട്ടത്. എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥനെ ശുചിമുറിയിൽ കെട്ടിതൂക്കിയതാണോ എന്ന് പോലും ന്യായമായും സംശയിക്കാവുന്നതാണ്.
ബഹു. മുഖ്യമന്ത്രി, സിദ്ധാർത്ഥൻ എന്ന ഒരു പാവം വിദ്യാർത്ഥിയെ, അതിക്രൂര ശാരീരിക ആക്രമണത്തിനും, പൊതുവിചാരണയ്ക്കും ഇരയാക്കിയ കശ്മലൻമാരായ മുഴുവൻ എസ്എഫ്‌ഐ ഗുണ്ടകൾക്കും രക്ഷപ്പെട്ട് സർവ്വസ്വതന്ത്രമായി വിലസാനുള്ള എല്ലാ അവസരവും സൃഷ്ട്ടിക്കുകയല്ലേ അങ്ങയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്തത്? വിദ്യാർഥികളോട് സംഭവങ്ങൾ പുറത്തു പറയരുത് എന്നു നിർദേശിച്ച കോളജ് അധികൃതർ മുതൽ മജിസ്‌ട്രേറ്റിന്റെ മുറിയിൽ കയറാൻ ശ്രമിച്ച മുൻ സിപിഎം എംഎൽഎ വരെ നീളുന്നു ഈ ലിസ്റ്റ്. പ്രതികളെല്ലാം എസ്എഫ്‌ഐ നേതാക്കൾ ആയത് കൊണ്ട് ഈ ശ്രമങ്ങളെല്ലാം നടത്തുന്നത് സിപിഎമ്മിന്റെയും അങ്ങയുടെ നിയന്ത്രണത്തിലുള്ള പോലീസന്റേയും അറവോടെ ആയിരുന്നു എന്ന് ഉറപ്പല്ലേ?
ജാമ്യാപേക്ഷയുമായി ഇവർ ഹൈക്കോടതിയിൽ എത്തിയപ്പോഴും പ്രതികളെ രക്ഷിക്കാനുള്ള നാണം കെട്ട ശ്രമമല്ലേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തിയത്? സിദ്ധാർത്ഥനെ ആത്മഹത്യയലേക്ക് തള്ളിവിടാനല്ല മറിച്ച് ഗുണദോഷിച്ച് നന്നാക്കാനായിരുന്നു പ്രതികളുടെ ശ്രമം എന്ന തെറ്റായ കോടതി കണ്ടെത്തലലേക്കു നയിക്കാൻ പറ്റിയ ദുർബലമായ വാദങ്ങൾ മുന്നോട്ടു വെച്ചതു കൂടാതെ ജാമ്യവിധിക്കെതിരെ അപ്പീൽ സമർപ്പിക്കാതിരുന്നത്, ഈ പ്രതികളെ, അങ്ങയുടെ സർക്കാർ സംരക്ഷിച്ച് ചേർത്തുപിടിക്കുകയായിരുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നല്ലേ? ഈ ഗുണ്ടകൾക്ക് മണ്ണുത്തി ക്യാമ്പസിൽ പഠന സൗകര്യം ഒരുക്കിയ ഹൈക്കോടതി വിധിക്കെതിരെയും സർക്കാർ അപ്പീൽ പോകാതിരുന്നത്, കാപാലികന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ അങ്ങയുടെ സർക്കാർ സംരക്ഷിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തു എന്നതിന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന തെളിവല്ലേ?
പ്രതികളെ പരീക്ഷഎഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ അസാധാരണമായ തിടുക്കമാണ് അങ്ങയുടെ സർക്കാർ കാട്ടിയത്. അതിനായി മണ്ണൂത്തിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതും 2 അദ്ധ്യാപകരെ പരീക്ഷാചുമതലയിൽ നിയമിച്ചതുമെല്ലാം ശരവേഗത്തിലായിരുന്നു. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് തങ്ങൾ എന്ന വ്യക്തമായ സന്ദേശമല്ലേ സർക്കാർ നൽകിയത്... പിന്നീട് സിദ്ധാർത്ഥന്റെ മാതാപിതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രതികൾക്ക് കോളേജിൽ പുനപ്രവേശനം നൽകാനുള്ള സിംഗിൾ ബഞ്ച് വിധി സ്റ്റേ ചെയ്തത്.
ബഹു. മുഖ്യമന്ത്രി, സിദ്ധാർത്ഥൻ , എന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥിയെ, ഏതാണ്ട് 2 ദിവസത്തോളം നീണ്ട് നിൽക്കുന്ന അതിഭീകരവും, അതിക്രൂരവുമായ ശാരീരിക അക്രമത്തിനും, പീഢനത്തിനും, അപമാനത്തിനും വധേയമാക്കിയ എസ്എഫ്‌ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും അങ്ങയുടെ സർക്കാർ നടത്തിയ നാണംകെട്ട ശ്രമം, സംസ്‌കാര സമ്പന്നമായ കേരളത്തിലെ മുഴുവൻ മലയാളികളെയും ലജ്ജിപ്പിക്കുക തന്നെ ചെയ്യും. ഈ പ്രതികളെ, അവർ എസ്എഫ്‌ഐ നേതാക്കളാണ് എന്ന ഒറ്റക്കാരണത്താൽ, സംരക്ഷിച്ചതുകൊണ്ടാണ്, കോട്ടയത്ത് നടന്നത് പോലുള്ള കൊടും ക്രൂരറാഗിങ്ങ് സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്.
അങ്ങക്ക് അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ, സിദ്ധാർത്ഥൻ എന്ന പാവപ്പെട്ട വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ അതിക്രൂരന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി എന്ന നിലയിൽ നിരുപാധികം, പരസ്യമായി മാപ്പ് പറയണം എന്ന് അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |