തിരുവനന്തപുരം: സ്വന്തം മക്കളെ അൺ എയ്ഡഡ് സ്‌കൂളിൽ വിട്ട് പഠിപ്പിക്കുന്ന എയ്ഡഡ്-ഗവ. സ്‌കൂൾ അദ്ധ്യാപകരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ഇത്തരത്തിൽ കുട്ടികളെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അയക്കാത്ത 120 അദ്ധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ബാക്കിയുള്ള അദ്ധ്യാപകരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്നാണ് വിവരം. തയ്യാറാക്കിയ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുകയും ചെയ്യും. സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ തന്നെ സ്വന്തം കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ അയക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത കുറയ്ക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ കാലങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികൾ ധാരാളം വന്നിരുന്നുവെങ്കിലും ഈ അദ്ധ്യയന വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിരുന്നതായാണ് വിലയിരുത്തൽ. അദ്ധ്യാപകനായിരിക്കുന്ന സ്‌കൂളുകളിൽ പോലും മക്കളെ ചേർക്കാത്ത സാഹചര്യം സാധാരണക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ഇത്തരം അദ്ധ്യാപകരോട് ചോദിക്കുന്നുണ്ട്. അതേസമയം ഇത്തരം അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |