കാസർകോട്: കരുത്തരായ ഗുജറാത്തിന്റെ രഞ്ജി കിരീടമോഹത്തിന് വെല്ലുവിളിയായി കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ അത്യുജ്വല സെഞ്ച്വറി പ്രകടനം. ഇന്നലെ സ്റ്റെമ്പടുക്കുമ്പോൾ കേരളം നേടിയ ഏഴുവിക്കറ്റിന് 428 എന്ന മികച്ച സ്കോറിൽ 149 റൺസും ഈ തളങ്കരക്കാരന്റെതാണെന്നതും കാസർകോടിന് അഭിമാനകരമായി. ഗുജറാത്തിനെ തോൽപ്പിക്കാനായില്ലെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില പിടിച്ചുപറ്റിയാൽ രഞ്ജി ഫൈനൽ പ്രവേശമെന്ന അസുലഭ നേട്ടത്തിൽ എത്തുമെന്നതിനാൽ ഇന്ന് രാവിലെ അസ്ഹറിന്റെ ബാറ്റിലേക്ക് ഉറ്റുനോക്കുകയാണ് കേരളം ഒന്നാകെ.
അസ്ഹറുദ്ദീന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയായിരുന്നു ഇന്നലെ കാസർകോട്. പ്രത്യേകിച്ച് തീരദേശഗ്രാമമായ തളങ്കര.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ആരാധന മൂത്ത് ഇളയ അനുജന് അതെ പേരിട്ട ജ്യേഷ്ഠന് ഒട്ടും തെറ്റിയില്ലെന്ന ഈ ഒറ്റപ്രകടനം തെളിയിക്കുകയായിരുന്നു.
അസ്ഹറിന്റെ കളി കാണാൻ നാട്ടുകാരായ ക്രിക്കറ്റ് പ്രേമികൾ ഇന്നലെ മുഴുവൻ സമയവും ടെലിവിഷൻ ചാനലുകൾക്ക് മുന്നിലായിരുന്നു. ആർപ്പുവിളികളോടെയും മധുര പലഹാര വിതരണത്തോടെയുമാണ് നാട്ടുകാർ സ്റ്റാർ ടി.വി മൂന്നിലെ തത്സമയകളി കണ്ടത്.
അസ്ഹറുദ്ദീന്റെ ക്രിക്കറ്റിലെ വളർച്ചയ്ക്ക് ഓരോ ഘട്ടത്തിലും സാക്ഷ്യം വഹിച്ച നാടാണ് തളങ്കര. പത്താം വയസ്സിൽ തളങ്കര ടാസ് ക്ലബ്ബിലാണ് തുടക്കം. പതിനൊന്നാം വയസ്സിൽ അണ്ടർ 13 ജില്ലാ ടീമിൽ. പിന്നീട് ജില്ലാ ടീമിനെ നയിച്ചു. അണ്ടർ 15 ടീമിലും ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാഡമിയിൽ ചേർന്ന് പരിശീലനം തുടങ്ങിയതിന് പിന്നാലെ അണ്ടർ 19 കേരള ടീമിൽ . തമിഴ്നാടിനെതിരെ ആദ്യ പന്തിൽ സിക്സറോടെയായിരുന്നു അരങ്ങേറ്റം. രണ്ട് സീസണിന് ശേഷം, അണ്ടർ 23 ടീമിലേക്കും പിന്നാലെ സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015-16 സീസണിലാണ് ആദ്യ രഞ്ജി മത്സരം. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായ കേരളടീമിൽ പകരക്കാരനായി വന്ന് സ്ഥിരസാന്നിദ്ധ്യമായെന്ന പ്രത്യേകതയും അസ്ഹറുദ്ദീനുണ്ട്.
ക്വാർട്ടർ ഫൈനലിലും മികച്ച പ്രകടനം
വമ്പൻമാരെ അട്ടിമറിച്ചെത്തിയ ജമ്മു കാശ്മീരിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡോടെ കേരളം സമനില പിടിച്ചപ്പോൾ തലശ്ശേരിക്കാരൻ സാൽമാൻ നിസാറിനൊപ്പം അസ്ഹറുദ്ദീനും തിളങ്ങിയിരുന്നു. അന്ന് ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ സാൽമാൻ അവസാനദിനത്തിൽ വിജയകരമായി രണ്ടാം ഇന്നിംഗ്സ് പരമാവധി നീട്ടിക്കൊണ്ടുപോയി കേരളം മോഹിച്ച സമനിലയിലേക്ക് നിസാർ നയിച്ചപ്പോൾ മറുതലയ്ക്കൽ 118 ബാളിൽ നിന്നും 67 റൺസുമായി പിരിയാത്ത കൂട്ടുകെട്ട് തീർത്തതും അസഹ്റുദ്ദീനായിരുന്നു.
മുംബൈയ്ക്കെതിരെ 2021ൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തിൽ 37 പന്തിൽ സെഞ്ചുറി നേടിയ ആഭ്യന്തര ക്രിക്കറ്റിലെ രണ്ടാമത്തെ റിക്കാർഡ് നേട്ടവും അസ്ഹറുദ്ദീന് സ്വന്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |