കൊച്ചി: പരിശോധന കടുപ്പിച്ചതോടെ മറയൂർ ഫോറസ്റ്റ് ഡിവിഷനിലെ ചന്ദനമരക്കടത്ത് പത്തിലൊന്നായി കുറഞ്ഞു. 2016ൽ 76 കേസുകൾ രജിസ്റ്റർ ചെയ്തത് കഴിഞ്ഞവർഷം ഏഴായി. വനംവകുപ്പ് റിപ്പോർട്ടിലാണ് ചന്ദനവേട്ട പിടിച്ചുകെട്ടാനായെന്ന് വ്യക്തമാക്കുന്നത്. കേരളത്തിലെ ഏക ചന്ദന റിസർവായ ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപം മറയൂരിന് മാത്രമായി 2005 ലാണ് പ്രത്യേക ചന്ദന ഡിവിഷൻ രൂപീകരിച്ചത്. 64 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 15 ചതുരശ്ര കിലോമീറ്ററിലും ചന്ദനമരങ്ങളാണ്.
മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒയുടെ നിയന്ത്രണത്തിൽ 150 ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കുന്നു. മറയൂർ റേഞ്ചിൽ അഞ്ചും കാന്തല്ലൂർ റേഞ്ചിൽ രണ്ടും കേസാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്.
19 വർഷത്തിനിടെ ആകെ 423 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 160കേസുകൾ മറയൂർ റേഞ്ചിലും 263 കേസുകൾ കാന്തല്ലൂർ റേഞ്ചിലുമാണ്. 2006 മുതൽ 2018 വരെ പ്രതിവർഷം പത്തിന് മുകളിലായിരുന്നു കേസുകൾ. ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടി.
കിട്ടാനുണ്ട് 4 കള്ളന്മാരെ
അന്തർസംസ്ഥാന സംഘവും മറയൂരിൽ നിന്ന് ചന്ദനമരങ്ങൾ വെട്ടിക്കടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണുള്ളത്. ആകെ 23 പ്രതികൾ. 19 പേരെ മാത്രമേ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ. ചന്ദനം കേരളത്തിനു പുറത്തേക്കു കടത്താൻ വൻ റാക്കറ്റ് തന്നെയുണ്ട്. ഇവരുടെ ഇടനിലക്കാരാണ് മോഷ്ടാക്കളിൽ അധികവും. തമിഴ്‌നാട്ടിൽ സ്വകാര്യ ചന്ദന ഫാക്ടറികളുള്ളതിനാൽ വിൽക്കാൻ വിഷമമില്ല. കിലോയ്ക്ക് 20,000 രൂപ മുതലാണ് ഒന്നാം ക്വാളിറ്റിക്ക് വില. സെക്കൻഡ് ക്വാളിറ്റിക്ക് 19,000 രൂപയോളം ലഭിക്കും.
വളർത്താം, വിൽക്കരുത്
വീട്ടുവളപ്പിൽ ചന്ദനമരം നട്ടുവളർത്താമെങ്കിലും മുറിക്കാനും വിൽക്കാനും വനം വകുപ്പിന് മാത്രമാണ് അവകാശം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അപേക്ഷ നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മരത്തിന്റെ വേര് ഉൾപ്പെടെ മഹസർ തയാറാക്കും. ശേഷം മുറിച്ചെടുത്ത് മറയൂരിലേക്ക് കൊണ്ടുപോകും. ഈ ചന്ദനമരം ലേലത്തിൽ വിറ്റുപോകുമ്പോൾ വിലയുടെ 80 ശതമാനം ഉടമയ്ക്ക് ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |