ആലപ്പുഴ: കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ ബീച്ച് ഇനി വാട്ടർ സ്പോർട്സ് ഹബ്ബ്. സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പാരാമോട്ടറിംഗും സാഹസിക ജലവിനോദങ്ങളുമെത്തിയതോടെ വിനോദ സഞ്ചാര മേഖലയിൽ ആലപ്പുഴയുടെ പ്രൗഢി ഇനി വാനോളം ഉയരും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വർക്കല ബീച്ചിൽ സാഹസിക ടൂറിസം കരാറെടുത്തിരിക്കുന്ന സംരംഭകനാണ് ആലപ്പുഴ ബീച്ചിലെയും പദ്ധതിയുടെ നടത്തിപ്പുകാർ.പാരാമോട്ടറിംഗുൾപ്പെടെ ജലസാഹസിക വിനോദങ്ങളുടെ സുരക്ഷാ പരിശോധനയെല്ലാം വിജയകരമായി പൂർത്തിയായതോടെ സഞ്ചാരികൾക്ക് നോർത്ത് മുതൽ സൗത്ത് വരെ പറന്നുപൊങ്ങി ആലപ്പുഴയുടെ ആകാശ കാഴ്ചകൾ ഇനി ആവോളം ആസ്വദിക്കാം. പൈലറ്റുൾപ്പെടെ രണ്ടുപേർക്ക് പറക്കാവുന്ന പാരാമോട്ടറിംഗിന് 4500 രൂപയാണ് നിരക്ക്. ഇതുകൂടാതെ തിരയിൽ തെന്നിപ്പറക്കാൻ ആലപ്പുഴ ബീച്ചിൽ സ്പീഡ് ബോട്ട് സർവീസും റെഡിയാണ്. അഞ്ച് നോട്ടിക്കൽ മൈൽ അകലെ വരെ പോകാവുന്ന ബോട്ടിംഗിന് 250 രൂപയാണ് നിരക്ക്.
ജില്ലയിലെ ആദ്യ സാഹസികടൂറിസം സംരംഭം
1.കടലിൽ ആർത്തുല്ലസിക്കാൻ ജെറ്റ് സ്‌കൈയും വാട്ടർ സ്‌കൂട്ടർ എന്നിവയും സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്.110 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ജെറ്റ് സ്‌കൈയിൽ ഓടിക്കുന്ന ആൾക്ക് പുറമേ ഒരാൾക്ക് കൂടി സഞ്ചരിക്കാം
2.വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും തിമിർക്കാൻ കഴിയുന്ന ഫ്‌ളൈ ബോർഡും പരിഗണനയിലുണ്ട്. ഷൂവിന്റെ മാതൃകയിലുള്ള പരസ്പരം ബന്ധിച്ച ബോർഡിൽ സവാരിക്കാരന്റെ കാൽ ബന്ധിക്കും.പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് വഴി വെള്ളം സമ്മർദ്ദത്തിൽ എത്തുമ്പോൾ ഫ്‌ളൈ ബോർഡ് തീവ്രവേഗതയിൽ സഞ്ചരിക്കും.
3.കടൽ പരപ്പിലൂടെ തെന്നിപ്പറക്കുന്നതാണ് വാട്ടർ സ്‌കൂട്ടർ. പരിചയ സമ്പന്നരായ റൈഡർമാർക്കൊപ്പം സ്‌കൂട്ടറിൽ ആലപ്പുഴതീരത്ത് ഇനി സഞ്ചാരികൾക്ക് കടൽപ്പരപ്പിൽ ഉല്ലസിക്കാൻ അവസരമൊരുങ്ങും
4.അനായാസം റൈഡ് ചെയ്യാവുന്നതും സുരക്ഷിതവുമായ ബനാന ബോട്ട് സ്ത്രീകൾക്കായി ഒരുക്കും. വാഴപ്പഴത്തിന്റെ രൂപം ഉള്ളതിനാലാണ് ബോട്ടിന് ഈ പേരുണ്ടായത്. മൂന്ന് മുതൽ പത്ത് പേർക്ക് വരെ ഇരിക്കാം. നീളമുള്ള ട്യൂബുകളിലാണ് ബോട്ട് ഘടിപ്പിച്ചിരിക്കുന്നത്.
5. ബീച്ചിനൊപ്പം വട്ടക്കായലിലെ കൈനകരിയിലും സാഹസിക ടൂറിസം പദ്ധതികൾ ആരംഭിക്കാൻ വിനോദ സഞ്ചാര വകുപ്പിന് പദ്ധതിയുണ്ട്. കായലോര സാഹസിക ടൂറിസം പദ്ധതികളാകും വട്ടക്കായലിൽ നടപ്പാക്കുക
ആലപ്പുഴയിൽ
ഈ സീസണിൽ
ആഭ്യന്തര ടൂറിസ്റ്റുകൾ: 5 ലക്ഷം
വിദേശികൾ: 12,000
സാഹസിക ടൂറിസം പദ്ധതിയുടെ വരവോടെ ആലപ്പുഴ ബീച്ചിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കഴിയും.വിദേശികളുൾപ്പെടെയുളളവർ ബീച്ചിൽ കൂടുതൽ സമയം ചെലവിടാനും ഇത് അവസരമൊരുക്കും.
-ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |