കൊച്ചി: പകുതിവില തട്ടിപ്പ് കേസിൽ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ പൊലീസ് കേസെടുത്തത് ശരിയായ പരിശോധനയുടെ അടിസ്ഥാനത്തിലാണോയെന്ന് ഹൈക്കോടതി.
പൊലീസ് നടപടി നീതിന്യായ സംവിധാനത്തിന് ഹാനിയുണ്ടാക്കും.
ഭരണഘടനാ ചുമതല വഹിച്ചിരുന്ന വ്യക്തിക്കെതിരെ ഇത്തരത്തിൽ കേസെടുക്കുന്നത് നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകാൻ ഇടയാക്കില്ലേയെന്നും കോടതി ചോദിച്ചു. പൊലീസ് നടപടിയെ ലാഘവത്തോടെ കാണാനാകില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് പി. കൃഷ്ണകുമാറും അംഗങ്ങളായ ഡിവിഷൻബെഞ്ച് പറഞ്ഞു.
ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കൂടിയായ സി.എൻ. രാമചന്ദ്രൻ നായരെ പെരിന്തൽമണ്ണ പൊലീസ് പ്രതിയാക്കിയതിനെതിരെ അഭിഭാഷകൻ സൈജോ ഹസ്സൻ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
തുടർനടപടിയെന്തെന്ന് സർക്കാരിന് ബോദ്ധ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. ഇതിനുവേണ്ടി ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്നും വാദിച്ചു. സർക്കാർ നിലപാട് അറിയാനായി ഹർജി 25ലേക്ക് മാറ്റി.
മലപ്പുറം സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് ജഡ്ജിയെ മൂന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. തട്ടിപ്പിൽ പങ്കുള്ള എൻ.ജി.ഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നുവെന്നാണ് ആരോപണം. ചുമതലയിൽ നിന്ന് നേരത്തേ തന്നെ ഒഴിവായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഭരണഘടനാ ചുമതലയുള്ളവരെ
ആര് സംരക്ഷിക്കും?
ശരിയായ പരിശോധന നടത്താതെയുള്ള പൊലീസ് നടപടി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. നീതിന്യായ സംവിധാനത്തിന് ഹാനിയുണ്ടാക്കുന്ന നടപടിയാണിത്. മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വലിയ ചർച്ചയാണ്. ഇത് വ്യക്തിയെ അല്ല ബാധിക്കുന്നത്, നീതിന്യായ സംവിധാനത്തെയാണ്. എങ്ങനെയാണ് അതിന് പരിഹാരം കാണാനാവുകയെന്നും ഹൈക്കോടതി ചോദിച്ചു.
ചികിത്സാ പിഴവിന്റെയും മറ്റും പേരിൽ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ ഭരണഘടനാ ചുമതല വഹിച്ചിരുന്നവരുടെ കാര്യത്തിൽ ഇത്തരത്തിലൊരു മാർഗരേഖയില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |