കോഴിക്കോട് : ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ ആശങ്കയിലാണ് ജില്ലയിലെ വിവിധ ക്ഷേത്ര ഭാരവാഹികൾ. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തെ തുടർന്നാണ് ജില്ലയിൽ 21 വരെ ആന എഴുന്നള്ളിപ്പിന് നിരോധനമേർപ്പെടുത്താൻ നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ മോണിറ്റിംഗ് കമ്മിറ്റി തീരുമാനിച്ചത്. 21 ന് ശേഷം നിരോധനം നീക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഉത്സവങ്ങൾ നടക്കുന്നത്. ഏറ്റവുമധികം ഉത്സവങ്ങൾ നടക്കുന്ന സമയത്താണ് നിരോധനം നിലവിൽ വന്നത്. ഇന്ന് തുടങ്ങാനിരിക്കുന്ന ശ്രീകണ്ഠേശ്വര ക്ഷേത്രോത്സവത്തിനായി ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് മൂന്ന് ആനകളെ എഴുന്നള്ളിക്കാനായി തീരുമാനിച്ചിരുന്നു. ഇതിനായി അനുമതി വാങ്ങി. എന്നാൽ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, കൊല്ലം പിഷാരികാവ്, ലോകനാർകാവ് തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് ഉത്സവങ്ങളുടെ പ്രധാന ചടങ്ങാണ്. പലയിടത്തും ആനയെ എത്തിക്കാനായി അഡ്വാൻസ് തുകയും കെെമാറിയിട്ടുണ്ട്. ആന എഴുന്നള്ളിപ്പിന് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പലയിടത്തും പാലിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണം. ആനകൾ തമ്മിലും, ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും പലയിടത്തും ഇല്ല. വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയർന്നു വരുന്നതിനാൽ എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിനാവശ്യമായ വെള്ളവും തണലും ഒരുക്കണമെന്ന നിർദേശവും പലയിടത്തും പാലിക്കപ്പെടുന്നില്ല.
'' ഉത്സവത്തിന് എഴുന്നള്ളിപ്പിനായി ആനയെ എത്തിക്കാൻ അഡ്വാൻസ് തുക കെെമാറി. നിലവിലെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകും . - ബാലൻ നായർ ( പിഷാരികാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |