പാറശാല: ലക്ഷങ്ങൾ വരുന്ന എം.ഡി.എം.എയുമായി മൂന്നുപേരടങ്ങുന്ന സംഘം അമരവിള എക്‌സൈസിന്റെ പിടിയിലായി. ദേശീയ പാതയിൽ അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. നിരോധിത മയക്കുമരുന്നുമായി എത്തിയ നെടുമങ്ങാട് ആര്യനാട് സ്വദേശി ആദിത്യൻ(23), കാട്ടാക്കട പൂവച്ചൽ സ്വദേശി ദേവൻരാജ്(21), നെടുമങ്ങാട് കരിപ്പൂർ സ്വദേശി സജുസൈജു(22) എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് 118 ഗ്രാം എം.ഡി.എം.എയ്ക്ക് പുറമേ കഞ്ചാവും കണ്ടെത്തി. ബംഗളൂരിൽ നിന്ന് സ്വകാര്യ ബസിലായിരുന്നു മയക്കുമരുന്ന് എത്തിച്ചത്. കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ കേരളത്തിൽ എത്തിച്ചശേഷം ചില്ലറ വില്പന നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വിപണനം. പ്രതികൾക്ക് മുമ്പും സമാനമായ കേസുകളുണ്ടോയെന്ന വിവരം എക്‌സൈസ് സംഘം അന്വേഷിച്ചു വരുന്നു. അറസ്റ്റിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |