ഒരുകാലത്ത് ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സിൽക്ക് സ്മിത. പല സിനിമകളിലും സൂപ്പർ താരങ്ങളേക്കാൾ സ്വീകാര്യത ലഭിച്ച സിൽക്ക് സ്മിതയുടെ ജീവിതം ദുരിതപൂർണമായിരുന്നു. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് അവർ ജീവനൊടുക്കിയത്. സിൽക്ക് സ്മിതയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
'ഇണയെ തേടി എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നൽകിയത് അന്തരിച്ച സംവിധായകനായ ആന്റണി ഈസ്റ്റ്മാനായിരുന്നു. പിന്നീട് വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന വേഷം ചെയ്തതോടെയാണ് സിൽക്ക് സ്മിതയായി മാറിയത്. ആദ്യസമയത്ത് സ്മിത മാതംഗ നടിയായിട്ടല്ല അഭിനയിച്ചത്. സംവിധായകൻ ഭാരതിരാജയുടെ ഒരു ചിത്രത്തിൽ അവർ ചെയ്ത ഒരു വേഷത്തിന് ഏറെ സ്വീകാര്യത ലഭിക്കുകയുണ്ടായി. പിന്നീട് ഗംഗൈ അമരൻ സംവിധാനം ചെയ്ത കോഴി കൂവത് എന്ന ചിത്രത്തിൽ ഉപനായികയായി സ്മിത അഭിനയിച്ചു. പ്രഭുവിന്റെ ജോടിയായാണ് സ്മിത അഭിനയിച്ചത്. ആ സിനിമയും ബോക്‌സോഫീസിൽ ഹിറ്റായി.
അതോടെ അവർ ഗംഗൈ അമരന്റെ അടുത്ത സുഹൃത്തായി മാറി. ഗംഗൈ അമരൻ സ്മിതയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, രാവിലെ കുളിച്ച് പൂവ് ചൂടിയതിനുശേഷമാണ് സ്മിത അടുക്കളയിൽ കയറിയിരുന്നത്. തന്റെ ഭാര്യയെ പാചകം ചെയ്യാനും സ്മിത സഹായിച്ചിട്ടുണ്ട്. വസ്ത്രധാരണത്തിലും മേക്കപ്പിലും വളരെയധികം ശ്രദ്ധയുളള ഒരു നടിയായിരുന്നു സ്മിത. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് കമലഹസൻ നായകനായി എത്തിയ മൂന്നാം പിറൈയിലെ സ്മിതയുടെ നൃത്തമികവും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച സ്മിത ശൈശവ വിവാഹം ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.
സിൽക്ക് സ്മിതുടെ കണ്ണുകളാണ് എല്ലാവരും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. അങ്ങനെയാണ് ദക്ഷിണേന്ത്യ മുഴുവൻ സ്മിത അറിയപ്പെടാൻ തുടങ്ങിയത്. അവർ പ്രധാന വേഷങ്ങളിലെത്തിയ ഒരു സിനിമയും ഉണ്ടായിരുന്നില്ല. പക്ഷെ പല സിനിമകളും വിജയിച്ചതിന് പിന്നിൽ അവരായിരുന്നു. അവരുടെ ഡേറ്റ് കിട്ടുന്നതിനായി നിർമാതാക്കളും സംവിധായകരും മത്സരമായിരുന്നു. അവർ നൻമ നിറഞ്ഞ ഒരു മനസിന്റെ ഉടമ കൂടിയായിരുന്നു. മറ്റുളളവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ അവർ മനസിലാക്കി പ്രവർത്തിക്കുമായിരുന്നു. ഈരാളി ബാലൻ എന്ന നിർമാതാവിനുണ്ടായ അനുഭവം അതിനുളള ഉത്തമ ഉദാഹരണം കൂടിയാണ്.
അവർക്ക് അഥർവ്വം എന്ന ചിത്രത്തിൽ അഞ്ച് ദിവസം അഭിനയിക്കാൻ 10,000 രൂപ സമ്മതിച്ച് അഡ്വാൻസ് കൊടുത്തു. മമ്മൂട്ടിയോടൊപ്പം നായികാ പ്രാധാന്യമുളള കഥാപാത്രം ചെയ്യാൻ സ്മിതയ്ക്ക് പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. ആ ചിത്രത്തിൽ 30 ദിവസത്തോളം അഭിനയിക്കേണ്ടി വന്നു. അതോടെ പല വലിയ നിർമാതാക്കളുടെയും ചിത്രങ്ങൾ സ്മിതയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. സിനിമയുടെ ഷൂട്ടിംഗ് നീണ്ടതോടെ ഈരാളി ബാലന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈരാളി ബാലന് പണം കൊടുത്ത് സഹായിക്കാനും സ്മിത തയ്യാറായി. ആ സമയത്തുണ്ടായിരുന്ന പല നായികമാരും നിർമാതാക്കളെ പിഴിഞ്ഞ് പണം സമ്പാദിച്ചിരുന്നു. എന്നാൽ സ്മിത അങ്ങനെയുളള ഒരു നടിയായിരുന്നില്ല.
ഈരാളി ബാലന്റെ വിവാഹത്തിനും സ്മിത എത്തിയിരുന്നു.പളളിയിലെത്തിയ സ്മിത ഈരാളി ബാലനെ ആലിംഗനം ചെയ്തു. ഇത് കണ്ട ഗ്രാമീണയായ നവവധുവിന് ഇഷ്ടപ്പെട്ടില്ല. അതിനുശേഷം നവവധുവിനോട് തമാശയായിട്ട് സ്മിത, ഈരാളി ബാലനെ സൂക്ഷിച്ചോളൂവെന്ന് ഉപദേശിച്ചു. പല പ്രമുഖ സംവിധായകരും സ്മിത പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. അതുകേട്ട വധുവിന്റെ അമ്മ പൊട്ടിക്കരഞ്ഞു. പിന്നാലെ വധുവും കരഞ്ഞു. ആദ്യരാത്രിയിൽ വധു, ഈരാളി ബാലനോട് കാര്യം പറഞ്ഞു. ഈരാളി ബാലൻ കാര്യം പറഞ്ഞ് വധുവിനെ മനസിലാക്കി.
ചെറിയ കാലയളവിൽ 450ൽ പരം ചിത്രങ്ങളിൽ സ്മിത അഭിനയിച്ചു. അവരുടെ ജീവിതത്തെ അസ്പദമാക്കി ഹിന്ദിയിൽ ഡേർട്ടി പിക്ച്ചർ എന്ന സിനിമയും ഉണ്ടായി. വിദ്യാബാലനായിരുന്നു സിൽക്ക് സ്മിതയായി അഭിനയിച്ചത്. ആ സിനിമ വൻവിജയമായിരുന്നു.സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന അതേ കൈയടി സ്മിതയ്ക്കും ലഭിച്ചിരുന്നു. അവർ തന്റെ സങ്കടങ്ങൾ പങ്കുവയ്ക്കാനായി അനുരാധ എന്ന നടിയെ ഫോണിൽ വിളിച്ചിരുന്നു. പക്ഷെ അനുരാധയ്ക്ക് അവരുടെ അടുത്തെത്താൻ സാധിച്ചില്ല. സ്മിത മരിച്ചു. അനുരാധ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. താനന്ന് സ്മിതയെ കണ്ടിരുന്നെങ്കിൽ അവർ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന്.
പേരും പ്രശസ്തിയും സ്മിത നേടിയെടുത്തു. അവർക്ക് കിട്ടാതെ പോയത് സ്‌നേഹമായിരുന്നു. മരിക്കുന്നതിന് മുൻപ് അവർ തെലുങ്കിൽ കത്തെഴുതിയിരുന്നു. തനിക്ക് എവിടെ നിന്നും സ്‌നേഹം ലഭിച്ചിരുന്നില്ലെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. എല്ലാവരുടെയും പ്രവൃത്തികൾ എന്നെ വേദനിപ്പിച്ചിരുന്നു. താൻ ഒരുപാട് സ്‌നേഹിച്ചത് കാമുകനായിരുന്ന ബാബുവിനെയായിരുന്നു. സ്വത്തിലെ പകുതിയും അയാൾക്ക് കൊടുത്തു. അയാളും വഞ്ചിക്കുകയായിരുന്നു. ബാബുവിൽ നിന്ന് ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.അയാളുമായി ഒരു ജീവിതം ഒരുപാട് ആഗ്രഹിച്ചു. പ്രിയപ്പെട്ട അഭരണങ്ങളും അയാൾ കൊണ്ടുപോയി. ജീവിച്ചിരുന്നപ്പോൾ സ്മിത കടിച്ച ആപ്പിളിനെ ലക്ഷങ്ങൾ ലേലം വിളിച്ച് സ്വന്തമാക്കിയ ആരാധകരോ നിർമാതാക്കളോ അവർ മരിച്ചപ്പോൾ ഇല്ലായിരുന്നു'- അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |