കോഴിക്കോട്: ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പുകളിൽ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങളും മരണവും ഒഴിവാക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ്. ഇതിനായി ഫോറസ്റ്റ്, പൊലീസ്, ഫയർ ഉദ്യോഗസ്ഥരടങ്ങുന്ന താലൂക്കുതല കമ്മിറ്റികളുണ്ടാക്കും.കമ്മിറ്റിയംഗങ്ങൾ ക്ഷേത്രവും പരിസരവും സന്ദർശിച്ച് നൽകുന്ന മാർഗനിർദ്ദേശ പ്രകാരം എഴുന്നെള്ളിപ്പിനുള്ള ക്രമീകരണം ക്ഷേത്ര കമ്മിറ്റികളുണ്ടാക്കണം.
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത് . ഇതു സംബന്ധിച്ച ശുപാർശ ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ആർ. കീർത്തി വനംമന്ത്രിക്ക് കൈമാറി. കോഴിക്കോട്ട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നോഡൽ ഓഫീസറായി താലൂക്കുതല സബ്കമ്മിറ്റികളുണ്ടാക്കാൻ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. ആനയെഴുന്നെള്ളിപ്പിന് അനുമതി നൽകിയ ക്ഷേത്രവും പരിസരവും കമ്മിറ്റിയംഗങ്ങൾ പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് ഉത്സവ കമ്മിറ്റികൾ വാഹന സൗകര്യമൊരുക്കണം.
വെടിക്കെട്ട് ആനയെ
തളച്ച ശേഷം
ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം എഴുന്നെള്ളിപ്പിൽ കർശനമായി പാലിക്കണം. ആനയെഴുന്നെള്ളിപ്പ് സമയത്ത് ഒരു തരത്തിലുള്ള പടക്കവും പൊട്ടിക്കരുത്. ആനകളെ തളച്ച ശേഷമേ പൊട്ടിക്കാവൂ. ആനകളുടെ ഉടമസ്ഥാവകാശം, ഇടയുന്ന സ്വഭാവമുണ്ടോ എന്നതുൾപ്പെടെയുള്ള പശ്ചാത്തലം, ആനകളുടെ ഡേറ്റ ബുക്ക്, ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളിലുള്ള ക്ഷേത്രങ്ങളുടെ ശരിയായ രജിസ്ട്രേഷൻ എന്നിവയു കമ്മിറ്റി ഉറപ്പാക്കണം.. മദപ്പാടിന്റെ സാദ്ധ്യതയറിയാൻ വെറ്ററിനറി ഓഫീസർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും മുമ്പ് ആനകളുടെ രക്തപരിശോധന നടത്തണം. ഇതിനുള്ള നടപടിക്രമം തയ്യാറാക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്താം.
ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട കേസ് കൂടി പരിശോധിച്ച ശേഷം സംസ്ഥാന വ്യാപകമായി കമ്മിറ്റികളുണ്ടാക്കും.
- എ.കെ.ശശീന്ദ്രൻ
വനംമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |