@ മാർച്ച് ഒന്നു മുതൽ മാലിന്യം 20-25 ടണ്ണായി കുറയ്ക്കും
കോഴിക്കോട് : കട്ടിപ്പാറയിലെ ഫ്രഷ് കട്ട് സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ഇനി അഴുകാത്ത കോഴി മാലിന്യം മാത്രം കൊണ്ടുപോകാൻ തീരുമാനം. ഇവിടേക്ക് കൊണ്ടുപോകുന്ന കോഴി മാലിന്യത്തിൽ 10 മുതൽ 15 ടൺ വരെ അയൽ ജില്ലയിലേക്ക് അവരുടെ ഡി.എൽ.എഫ്.എം.സി (ഡിസ്ട്രിക്റ്റ് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി) അനുമതിയോടെ കൊണ്ടുപോകാനും തീരുമാനമായി. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എഫ്.എം.സി യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിന് മുമ്പ് ജില്ലാ കളക്ടർ കട്ടിപ്പാറ പ്ലാന്റിനെതിരെ സമര രംഗത്തുള്ള സമരസമിതി ഭാരവാഹികളുമായും സംസാരിച്ചു. 20 മുതൽ 25 ടണ്ണോളം അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രമായിരിക്കും കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. അയൽ ജില്ലയിലെ ഡി.എൽ.എഫ്.എം.സി അനുമതി ലഭിച്ച ശേഷമായിരിക്കും മാലിന്യം ആ ജില്ലയിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാർച്ച് ഒന്നുമുതൽ നടപ്പാക്കും. യോഗത്തിൽ കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ മലിനീകരണ നിയന്ത്രണ ബോർഡ് ശുചിത്വ മിഷൻ , തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കണ്ടെയ്നർ ഫ്രീസറുകൾ സ്ഥാപിക്കും
കോഴിക്കോട് ജില്ലയെ താലൂക്ക് അടിസ്ഥാനത്തിൽ നാല് സോണുകളായി തിരിച്ച് അവിടങ്ങളിൽ കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കുമെന്ന് ഫ്രഷ് കട്ട് ഭാരവാഹികൾ അറിയിച്ചു. ഈ കണ്ടെയ്നറുകളിൽ സംഭരിക്കുന്ന അഴുകാത്ത മാലിന്യമാണ് കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാർച്ച് 31 നകം നടപ്പാക്കും. കോഴി സ്റ്റാളുകളിൽ നിന്നുള്ള മാലിന്യം അഴുകാൻ ഇടവരാത്ത വിധം അന്നു തന്നെ ശേഖരിക്കണമെന്ന് ജില്ലാ കളക്ടർ കമ്പനിയോട് നിർദ്ദേശിച്ചു. ഫ്രീസർ സംവിധാനമുള്ള വലിയ മൂന്ന് കണ്ടെയ്നർ വണ്ടികൾ പുതുതായി റൂട്ടിൽ ഇറക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ജില്ലയിൽ കോഴി മാലിന്യ സംസ്കരണത്തിന് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് പ്ലാന്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് ഒരു ദിവസം 80 ടണ്ണിലേറെ കോഴി മാലിന്യം ഉത്പ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. കട്ടിപ്പാറ പ്ലാന്റിന് 30 ടൺ മാത്രമാണ് സംസ്‌കരണ ശേഷി. അഴുകിയ കോഴി മാലിന്യം പ്ലാന്റിൽ എത്തുകവഴി പ്രദേശത്താകെ ദുർഗന്ധം പരക്കുന്നുണ്ടെന്നും പുഴയിലെ വെള്ളം മലിനമാകുന്നു എന്നുമാണ് പ്രദേശവാസികൾ പരാതി ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |