കൊല്ലം: സർവീസ് റോഡിന്റെ വീതി കുറവ് പരിഹരിക്കുമെന്ന ഉറപ്പ് നിർമ്മാണ കമ്പനി പാലിക്കാഞ്ഞതിനാൽ കുരീപ്പുഴയിൽ നാട്ടുകാർ സംഘടിച്ച് പാലത്തിന്റെ ബീം നീക്കാനുള്ള തൊഴിലാളികളുടെ ശ്രമം തടഞ്ഞു. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കുരീപ്പുഴയിൽ ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് സമീപമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഓപ്പൺ യൂണിവേഴ്സിറ്റിക്കും കുരീപ്പുഴ പാലത്തിനും ഇടയിൽ സർവീസ് റോഡിന് മറ്റ് പ്രദേശങ്ങളേക്കാൾ വീതി കുറവാണ്. വലിയൊരു ഭാഗത്ത് 2.90 മീറ്റർ വീതിയേയുള്ളു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറേറ്റിൽ ദേശീയപാത അതോറിറ്റി അധികൃതർ അടക്കം പങ്കെടുത്ത് യോഗം ചേർന്ന് സ്ഥലം പരിശോധിക്കാൻ തീരുമാനിച്ചു. പത്ത് ദിവസം മുമ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ച് 11 മീറ്റർ നീളത്തിൽ ആറുവരിപ്പാത പൊളിച്ച് സർവീസ് റോഡിന്റെ വീതി കൂട്ടാൻ തീരുമാനിച്ചു. ഈ ഉറപ്പ് പാലിക്കാതെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നതോടെയാണ് ഇന്നലെ നാട്ടുകാർ സംഘടിച്ച് നിർമ്മാണം തടഞ്ഞത്.
ഗതാഗതം ഏറെ പ്രയാസം
നിർമ്മാണത്തിനെടുത്ത കുഴികൾ മൂടാത്തതിനാൽ ഈ ഭാഗത്ത് വാഹന ഗതാഗതം ഏറെ പ്രയാസമാണ്. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നം ഉണ്ടായ വൃദ്ധയെ ബന്ധുക്കൾ ചുമന്നാണ് വാഹനങ്ങൾ എത്തുന്ന ഭാഗത്തേക്ക് കൊണ്ടുപോയത്. നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലം മറുവശത്ത് കൂടുതൽ ഒഴിച്ചിട്ടതാണ് ഇപ്പുറത്ത് സർവീസ് റോഡിന്റെ വീതി കുറയാൻ കാരണമായത്. പൊളിച്ചുപണിയത് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമെന്നതിനാൽ നാട്ടുകാരെ കബളിപ്പിച്ച് തടിതപ്പാനാണ് കരാർ കമ്പനിയുടെ ശ്രമം. കൗൺസിലർ ഗിരിജ തുളസീധരൻ, പൊതുപ്രവർത്തകരായ കുരീപ്പുഴ മോഹൻ, കെ.ബി.ജോയി, വില്യം ജോർജ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |