ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് പൊതുനിരത്തുകൾ സമരങ്ങൾക്കു വേദിയാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ട് അധിക ദിവസങ്ങളായില്ല. ഉത്തരവിന്റെ ചൂടാറും മുമ്പുതന്നെ കണ്ണൂരിൽ പാതയോരത്തുള്ള ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ചൊവ്വാഴ്ച സി.പി.എമ്മിന്റെ ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്ത സമരവും റോഡ് തടയലും നിർബാധം നടന്നു. പൊതുനിരത്തിൽ സമരമിരിക്കുന്നത് പൊലീസ് അധികൃതർ വിലക്കിയിരുന്നു. സമര സംഘാടകർക്ക് നോട്ടീസും നൽകി. എന്നാൽ നോട്ടീസ് ഭദ്രമായി മടക്കി പോക്കറ്റിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിരത്തിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചത്. കേന്ദ്ര അവഗണനയിൽ പ്രതിഷേധിക്കാനാണ് കേന്ദ്ര സ്ഥാപനമായ ഹെഡ് പോസ്റ്റാഫീസ് തന്നെ സമരവേദിയായി തിരഞ്ഞെടുത്തത്.
'ജനങ്ങൾക്കു സഞ്ചരിക്കാൻ വേറെയും റോഡുകളുണ്ടെങ്കിലും ഹെഡ് പോസ്റ്റാഫീസ് ഒന്നേയുള്ളൂവെന്നും,അതുകൊണ്ടാണ് സമരത്തിന് പോസ്റ്റാഫീസ് തന്നെ തിരഞ്ഞെടുത്തതെന്നു"മുള്ള നേതാവിന്റെ വാദത്തിന് യുക്തിയില്ലെന്ന് ആർക്കും പറയാനാകില്ല. പക്ഷേ ഉന്നത നീതിപീഠത്തിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള ഒരു പ്രവൃത്തിക്കാണ് സി.പി.എം തുനിഞ്ഞത്. ഒറ്റനോട്ടത്തിൽത്തന്നെ അത് നിയമപീഠത്തോടും ന്യായാധിപന്മാരോടുമുള്ള അവഹേളനമായേ സ്ഥിരബുദ്ധിയുള്ള ആർക്കും കാണാനാവൂ. പ്രത്യേകിച്ചും, അധികാരത്തിലിരിക്കുന്ന ഒരു മുന്നണിയെ നയിക്കുന്ന പാർട്ടിയുടെ ഇത്തരം സമീപനങ്ങൾ ജനങ്ങളിൽ നിയമത്തോടും നീതിന്യായ സംവിധാനങ്ങളോടും മതിപ്പു കുറയ്ക്കാനേ ഉപകരിക്കൂ. കൈയടി ആവോളം ലഭിക്കുമായിരിക്കും. എന്നാൽ അതിനപ്പുറം സ്വയം അവഹേളിതരാവുക എന്ന ഒരു മറുതലം കൂടിയുണ്ട് ഇതിന്.
ഹെഡ് പോസ്റ്റാഫീസിന്റെയെന്നല്ല, ഏതു വഴി തടസപ്പെടുത്തി സമരം ചെയ്യുന്നതും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കും. തിരുവനന്തപുരത്ത് വഞ്ചിയൂരിൽ റോഡടച്ച് കസേരകളിട്ടും സ്റ്റേജ് കെട്ടിയും സമരം നടത്തിയ ഭരണമുന്നണി പാർട്ടികൾക്കെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തതും സമര സംഘാടകർ ഹൈക്കോടതിയിൽ ചെന്ന് മാപ്പുപറയേണ്ടിവന്നതും നിയമ നിഷേധം കാണിച്ചതിന്റെ പേരിലാണ്.
ഒരു ജനാധിപത്യ സംവിധാനത്തിൽ വ്യക്തികളായാലും രാഷ്ട്രീയക്കാരായാലും പാലിക്കേണ്ട ചില ധർമ്മങ്ങളും മര്യാദകളുമുണ്ട്. അതു പാലിക്കപ്പെടുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർത്ഥവത്താകുന്നത്. നിയമങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനും ശ്രമിക്കുന്നവർ അവസാനം എത്തുന്നത് നീതിപീഠത്തിനു മുന്നിൽത്തന്നെയാകും. ബഡ്‌ജറ്റിൽ കേന്ദ്രം കേരളത്തോടു കാണിച്ച അവഗണനയ്ക്കെതിരെ ഇതിനകം ധാരാളം സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നുകഴിഞ്ഞു. കാര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുമുണ്ട്. ബഡ്‌ജറ്റ് അവതരണം കഴിഞ്ഞ് മാസം തികയുമ്പോൾ വീണ്ടും അതേ പ്രശ്നം ഉന്നയിച്ച് റോഡ് തടഞ്ഞ് സമരം ചെയ്തതും അതിനു കണ്ടുപിടിച്ച ന്യായീകരണവും ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞെന്നുവരില്ല.
പൊതുനിരത്ത് കെട്ടിയടച്ച് സമരം ചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കണ്ണൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിലൊന്നും വലിയ കാര്യമുണ്ടാകുമെന്നു കരുതാനാവില്ല. കോടതി നിർദ്ദേശം ധിക്കരിച്ച് നടത്തിയ ഈ സമരം ഏതു നിലയിൽ നോക്കിയാലും ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരമൊരു നിയമ നിഷേധത്തിലേക്ക് സി.പി.എം പോകരുതായിരുന്നു. നിയമവ്യവസ്ഥയെ അറിഞ്ഞുകൊണ്ട് ധിക്കരിക്കുന്നത് അരാജകത്വത്തിലേക്കുള്ള ചുവടുവയ്പാണ്. ഇത്തരം പ്രവണത തുടർന്നാൽ മറ്റു പല കാര്യങ്ങൾക്കും അതു വഴികാട്ടിയാവും. പാതയോരങ്ങളിൽ പരസ്യങ്ങളും ഫ്ളക്സ് ബോർഡുകളും സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. റോഡ് തടഞ്ഞും സമരമാകാമെന്ന നിലപാട് മാതൃകയായെടുത്താൽ റോഡ് നീളെ വീണ്ടും പരസ്യബോർഡുകൾ നിറഞ്ഞേക്കാം. ഇതൊക്കെയായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾക്ക് അവയുടേതായ വില കല്പിക്കുക തന്നെ വേണം. പാർട്ടി താത്‌പര്യങ്ങളെല്ലാം അതിനു താഴെയേ വരുന്നുള്ളൂ. നേതാക്കൾക്കും അണികൾക്കും ഈ യാഥാർത്ഥ്യം പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്വം നേതൃത്വത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |