
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കെ ഹരിയുടെ ഭാര്യ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
ഡിസംബർ ഒമ്പത്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ പോളിംഗ് നടത്തുക. തൃശൂർ മുതൽ കാസർകോടുവരെ രണ്ടാം ഘട്ടം. വോട്ടെണ്ണൽ ഡിസംബർ പതിമൂന്നിന് നടക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്.
ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥികൾക്ക് പരമാവധി 25,000 രൂപ ചെലവഴിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഒന്നരലക്ഷം രൂപയുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പരിധിയിൽ കൂടുതൽ ചെലവഴിച്ചാൽ അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും. ജാതി, മതം അടക്കം പറഞ്ഞുകൊണ്ടുള്ള പ്രചാരണം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |