
തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ, ലൈഫ് മിഷൻ വഴി അടുത്ത അഞ്ചുവർഷം കൊണ്ട് അർഹരായ എല്ലാവർക്കും വീട് , കേവല ദാരിദ്ര്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യൽ, കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്.
എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി,പി. രാമകൃഷ്മൻ എന്നിവർ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേചാക്കൾ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളെ കൂടുതൽ ഉയരത്തിൽ എത്തിക്കാനുള്ള കർമ്മപദ്ധതിയാണ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
'വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് - ഇടതുപക്ഷത്തിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്.
അധികാരവികേന്ദ്രീകരണത്തിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് നേടിത്തന്നത് 1996-ൽ എൽ.ഡി.എഫ് സർക്കാർ തുടക്കമിട്ട ജനകീയാസൂത്രണമാണ്. ഇതുവരെയുള്ള നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും നവകേരള സൃഷ്ടിക്ക് ആക്കം കൂട്ടാനുമുള്ള വ്യക്തമായ കർമ്മപദ്ധതിയാണ് ഈ മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാൻ്റ് 30,000 കോടി രൂപയിൽ താഴെയായിരുന്നെങ്കിൽ ഈ എൽ.ഡി.എഫ് സർക്കാർ അത് 70,000 കോടി രൂപയായി ഉയർത്തി തദ്ദേശ സ്വയംഭരണ മേഖലയെ അഭൂതപൂർവ്വമായ രീതിയിൽ ശക്തിപ്പെടുത്തുകയുണ്ടായി.
കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ് ഈ പ്രകടന പത്രിക. ആ പരിശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന ആശയപദ്ധതികളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേവല ദാരിദ്ര്യ നിർമാർജ്ജനവും പാർപ്പിടവും
അതിദാരിദ്ര്യത്തിൽ നിന്നും 64,006 കുടുംബങ്ങളെ നാം കരകയറ്റി. ഇനി, കൂടുതൽ ഉദാരമായ മാനദണ്ഡങ്ങളിലൂടെ ബാക്കിയുള്ളവരെക്കൂടി കണ്ടെത്തി മൈക്രോപ്ലാനുകൾ വഴി കേരളത്തിൽ നിന്ന് കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യും. ലൈഫ് മിഷനിലൂടെ 4.71 ലക്ഷം വീടുകൾ പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. അവശേഷിക്കുന്ന അർഹരായ എല്ലാവർക്കും അടുത്ത 5 വർഷത്തിനുള്ളിൽ വീട് നൽകും. തീരദേശവാസികൾക്കായി 'പുനർഗേഹം' പദ്ധതി പൂർത്തീകരിക്കും.
വിശപ്പുരഹിത കേരളത്തിൽ നിന്ന് പോഷകാഹാര സമൃദ്ധിയാർന്ന കേരളത്തിലേക്ക്
കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും. അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കും. കൊച്ചിയിലെ 'സമൃദ്ധി' മാതൃകയിൽ കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. പൊതു അടുക്കളകൾ പ്രോത്സാഹിപ്പിക്കും, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും.
സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. ഇതിനായി 'സ്കിൽ അറ്റ് കോൾ', 'ഷോപ്പ് അറ്റ് ഡോർ' തുടങ്ങിയ നൂതന സംരംഭങ്ങളിലൂടെയും കുടുംബശ്രീ വഴിയും 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും. യുവജനങ്ങൾക്ക് തൊഴിൽ പരിശീലന കാലത്ത് 1000 രൂപ സ്കോളർഷിപ്പ് നൽകും.
വയോജന സൗഹൃദവും ആരോഗ്യവും
'ആരോഗ്യകരമായ വാർദ്ധക്യം' ഉറപ്പാക്കാൻ എല്ലാ വാർഡുകളിലും 'വയോക്ലബ്ബുകൾ' ആരംഭിക്കും. കിടപ്പുരോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ ഗ്രിഡിലാക്കി വീടുകളിൽ ചികിത്സയും പരിചരണവും എത്തിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും (FHC) ദേശീയ ഗുണനിലവാര അംഗീകാരം (NQAS) ലഭ്യമാക്കും.
ശുചിത്വവും പശ്ചാത്തല സൗകര്യവും
ഖരമാലിന്യ സംസ്കരണത്തിന് ശേഷം 'ജലശുചിത്വ'മാണ് അടുത്ത ലക്ഷ്യം. ജലാശയങ്ങൾ ശുചീകരിക്കും. മെഡിക്കൽ, നിർമ്മാണ മാലിന്യങ്ങൾ 100% സംസ്കരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ 'നെറ്റ് സീറോ' പദ്ധതിയും 'ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനും' നടപ്പാക്കും. 2026-27 ൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള മുഴുവൻ പ്രാദേശിക റോഡുകളും ഒറ്റത്തവണ പദ്ധതി വഴി നവീകരിക്കും.
വിദ്യാഭ്യാസവും സാമൂഹ്യ സുരക്ഷയും
വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെ ദേശീയതലത്തിൽ ഒന്നാമതെത്തിക്കും. വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്താൻ 'ശുചിത്വ അംബാസിഡർ'മാരെ നിയമിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ്ക്കൾക്ക് ഷെൽട്ടറുകൾ നിർമ്മിക്കും. സ്ത്രീ സുരക്ഷയ്ക്കായി ക്രൈം മാപ്പിംഗും കൂടുതൽ 'വൺ സ്റ്റോപ്പ് സെന്ററുകളും' ആരംഭിക്കും.
രാജ്യത്ത് വർഗ്ഗീയതയും അധികാര കേന്ദ്രീകരണവും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും കോട്ടയായി കേരളം തലയുയർത്തി നിൽക്കണം. അതിന് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |