ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽ വച്ച് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. സൗദിയിലെ ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. SV - 756 നമ്പർ വിമാനത്തിലാണ് ഇയാൾ ഡൽഹിയിലെത്തിയത്.
ജിദ്ദയിൽ നിന്നെത്തിയ 56കാരനായ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടികൂടിയത്. ബാഗേജ് എക്‌സ് - റേ സ്‌കാനിംഗ് നടത്തുന്നതിനിടെ സംശയാസ്‌പദമായ രീതിയിൽ ഒരു വസ്‌തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്‌ദിച്ചതും കസ്റ്റംസിന്റെ സംശയം ഇരട്ടിപ്പിച്ചു.
തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണമാണെന്ന് മനസിലായത്. സ്വർണം പിടിച്ചെടുത്ത വിവരം ഡൽഹി കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈന്തപ്പഴത്തിന്റെ കുരുവിന്റെ സ്ഥാനത്ത് അതേ അളവിൽ സ്വർണം മുറിച്ച് നിറച്ചിരിക്കുന്ന രീതിയിലായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചതെന്നുൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |