കല്ലറ: കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷികവിളകളും കരിഞ്ഞുണങ്ങുന്നു. ഇത് കർഷകരെ ദുരിതത്തിലാക്കുന്നു. തോടിനോടു ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് കൃഷിയിപ്പോൾ നടക്കുന്നത്. ചിലർ കുഴൽക്കിണറുകൾ കുത്തി വെള്ളത്തെ ആശ്രയിക്കുന്നു. വേനൽമൂലം വരൾച്ച കൂടുതലായാൽ തോടുകളിലെയും നീർച്ചാലുകളിലെയും ജലവും വറ്റും. ഇതോടെ പയർ, പാവൽ, പടവലം തുടങ്ങിയ പച്ചക്കറിക്കൃഷിയും ഏത്തവാഴക്കൃഷിയും പ്രതിസന്ധിയിലാകും. വിഷുവിപണി ലക്ഷ്യമാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചിരിക്കുന്നത്. എന്നാൽ ചൂടിന്റെ കാഠിന്യത്തിൽ കുലച്ചവാഴകൾ പോലും ഒടിഞ്ഞുവീഴുന്നു. പലയിടത്തും കർഷകർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത വാഴകളും ചൂടു താങ്ങാതെ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്.
കടം വാങ്ങി കൃഷിയിറക്കി
പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന മികച്ച വിലയിൽ ആകൃഷ്ടരായാണ് പലരും വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. റബറിന് വിലയിടിഞ്ഞതോടെ റബർ വെട്ടിമാറ്റി വാഴക്കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഇവർക്കെല്ലാം കടുത്ത വേനൽ തിരിച്ചടിയായിരിക്കുകയാണ്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ഇരുട്ടടിയായി വിലയിടിവ്
പച്ചക്കപ്പ 100 രൂപയ്ക്ക് നാലു കിലോ, മൂന്ന് കിലോ. 100 രൂപയ്ക്ക് മൂന്ന് കിലോ കായ എന്നിങ്ങനെയുള്ള വിലകളിൽ വഴിയോരക്കച്ചവടം തകർക്കുകയാണ്. എന്നാൽ കൃഷി ചെയ്തവർക്ക് നിവൃത്തികേടുകൊണ്ട് കിട്ടുന്ന വിലയ്ക്ക് ഉത്പന്നം വിൽക്കേണ്ട അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |