ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്‍ എംപി തുടരും, സംസ്ഥാനത്ത് തത്കാലം നേതൃമാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡിന്റെ നേതൃയോഗത്തില്‍ കേരളത്തിലെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് വിവരം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും കേരളത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം സംഘടിപ്പിച്ച സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് കെസി ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്. എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. യോഗത്തില്‍ ശക്തമായ ഐക്യത്തിന്റെ സന്ദേശമാണ് നിഴലിച്ചത്. തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോ നേതാക്കള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയിലുള്ള ഒഴിവുകള്‍ ഉടനടി നികത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലുള്ള ദീപ ദാസ് മുന്‍ഷി പ്രതികരിച്ചു. കേരളത്തില്‍ 2026ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കേരളത്തില്‍ ഏതൊരു വിഷയത്തിലും വ്യത്യസ്ത അഭിപ്രായം നേതാക്കള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന അവസ്ഥ അനുവദിക്കില്ലെന്ന് കെസി വേണുഗാപാല്‍ പറഞ്ഞു.
കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പ് യുഡിഎഫ് തട്ടിയെടുക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. അതിനുള്ള പ്രതിജ്ഞയെടുത്താണ് യോഗം അവസാനിച്ചത്. ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. കൊച്ചു കേരളം യുഡിഎഫിന്റെ കയ്യിലെത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |