ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങൾക്കുള്ള 2024-25 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.25% ആയി നിലനിറുത്തി. 2024 ഫെബ്രുവരിയിൽ നിലവിൽ വന്ന നിരക്കാണിത്. തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം നിലവിൽ വരും. ഏഴ് കോടിയിലധികം വരിക്കാർക്ക് പ്രയോജനപ്പെടും.
2019-20, 2020-21 വർഷങ്ങളിൽ 8.5 ശതമാനമായിരുന്ന പലിശ നിരക്ക് കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021-22 ൽ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. 2022-23ൽ 8.15 %മായി ഉയർത്തി. അതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ 8.25%മായി കൂട്ടിയത്.
സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷനായുള്ള 72% അപേക്ഷകളും പ്രോസസ്സ് ചെയ്തതായി ഇ.പി.എഫ്.ഒ യോഗത്തിൽ അറിയിച്ചു.
കുടിശ്ശികയുള്ളവർക്ക് ഒരു ശതമാനം നിരക്കിൽ നഷ്ടപരിഹാരം നിക്ഷേപിച്ച് കേസുകൾ സ്വയം പരിഹരിക്കുന്നതിനുള്ള നിയമപരമായ സംവിധാനം നടപ്പാക്കും.
തൊഴിൽ സ്ഥാപനം മാറുമ്പോൾ രണ്ട് മാസം വരെയുള്ള ഇടവേളയുണ്ടായാലും തുടർച്ചയായ സേവനമായി കണക്കാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |