കൊല്ലം: കിഴക്കൻ മല തുരന്നുണ്ടാക്കിയ ചെങ്കോട്ട റെയിൽപ്പാതയിലെ ആകർഷണമായ 13 കണ്ണറ പാലത്തിന്റെ മിനിയേച്ചറിൽ ഒരുക്കിയ പ്രചാരണ ശിൽപ്പം ശ്രദ്ധേയമാകുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയനാണ് (സി.ഐ.ടി യു) മിനിയേച്ചർ സ്ഥാപിച്ചത്.
തെന്മല കഴുതുരുട്ടിയിലെ പതിമൂന്ന് കണ്ണറ പാലവും അതിന് മുകളിൽ ട്രാക്കിലൂടെ ഓടുന്ന ട്രെയിനുമാണ് യൂണിയൻ സമ്മേളന പ്രചാരണത്തിന് ഒരുക്കിയത്. കൊല്ലത്തിന്റെ കിഴക്കൻ മേഖലയുടെ പച്ചപ്പും ബ്രിട്ടീഷ് സാങ്കേതികവിദ്യയുടെ പ്രൗഢ ചരിത്രവും ഓർമ്മിപ്പിക്കുന്നതാണിത്. കൊല്ലം ടൗൺഹാളിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. പുനലൂർ സ്വദേശിയായ മുരുകൻ ടാലന്റാണ് നിർമ്മിച്ചത്. പാലത്തിലുള്ള 13 കമാനങ്ങളാണ് ഇതിന്റെ പ്രത്യേകത. 102 മീറ്റർ നീളവും 5 മീറ്റർ പൊക്കവുമുള്ള പാലം 100 വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരു ബലക്ഷയവും ഇല്ല. മീറ്റർഗേജ് പാത ബ്രോഡ്ഗേജാക്കിയപ്പോഴും പാലത്തിന്റെ തനത് ദൃശ്യചാരുത നിലനിറുത്തിയിരുന്നു. വ്യാവസായിക നഗരങ്ങളായ കൊല്ലത്തിനെയും മഡ്രാസിനെയും ബന്ധിപ്പിച്ചിരുന്ന റെയിൽപ്പാതയിലെ സവിശേഷതയാർന്ന പാലം തൊഴിലാളി വർഗത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ കൂടി പ്രതീകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |