
പ്രതികൾ പത്താം ക്ളാസുകാരായ അഞ്ചുപേർ
ഇവർ ഒബ്‌സർവേഷൻ ഹോമിൽ, പരീക്ഷയെഴുതാം
കോഴിക്കോട്: കൊന്നു കലി തീർക്കേണ്ടവനോ സഹപാഠി? നമ്മുടെ കുട്ടികൾ എങ്ങോട്ട്...? കോട്ടയം നഴ്സിംഗ് കോളേജിലെ പൈശാചിക പീഡനമുറയുടെ ഞെട്ടൽ മാറുംമുമ്പേ പത്താം ക്ളാസുകാരൻ ഷഹബാസിന്റെ ജീവനെടുത്ത് സമപ്രായക്കാരുടെ മൃഗീയത. സിദ്ധാർത്ഥിന്റെ കൊല മുതൽ ഇങ്ങോട്ട് എത്രയെത്ര സംഭവങ്ങൾ. ഭീതിയിലാണ് നാട്.
കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും. കൂട്ടംചേർന്നു കൊന്നാൽ കേസില്ല. ഇങ്ങനെ ഫോൺ സന്ദേശമയച്ച് തല്ലിക്കൊല്ലുന്ന മാനസികാവസ്ഥയിൽ കേവലം 15 വയസുകാർ എത്തിനിൽക്കുന്നു. നഞ്ചക്കടക്കം ആയുധങ്ങളെടുത്താണ് സഹപാഠിയെ കൊന്നുതള്ളിയത്.
സംഭവത്തിൽ പ്രതികളായ താമരശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ച് വിദ്യാർത്ഥികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പോകെ ഹാജരാക്കി. ഇവരെ വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. അഞ്ചുപേർക്കും നാളെ തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുവാദമുണ്ട്. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇവരെപ്പോലെ, നാളെ പത്താം ക്ളാസ് പരീക്ഷ എഴുതേണ്ടവനായിരുന്നു ഷഹബാസും. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് (15) ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെയും റംസീനയുടെയും മൂത്ത മകനാണ് താമരശ്ശേരി എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് പത്താംക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മൂന്നു മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. കെടവൂർ മദ്രസയിൽ പൊതുദർശനത്തിനു ശേഷം കെടവൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം. ആയിരങ്ങളാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സഹപാഠിയെ ഒരുനോക്ക് കാണാനെത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ബന്ധുക്കളുമെല്ലാം വിങ്ങിപ്പൊട്ടുന്ന കാഴ്ചയായിരുന്നു മദ്രസയിലും വീട്ടിലും കബർസ്ഥാനിലും.
സഹോദരങ്ങൾ: മുഹമ്മദ് ഷമ്മാസ് (രണ്ടാംക്‌ളാസ്),മുഹമ്മദ് അയാൻ(യു.കെ.ജി), മുഹമദ് യമിൻ(ഒന്നരവയസ്).
തലയോട്ടി തകർന്നു
കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. തലച്ചോറിൽ രക്തസ്രാവമുണ്ടായി. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
അടികൊണ്ടത് മറച്ചുവച്ചു
താമരശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തെ ട്രിസ് ട്യൂഷൻ സെന്ററിലെ സെന്റ് ഓഫ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഷഹബാസ് പഠിക്കുന്ന എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെയും കുട്ടികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചയിലെ ഏറ്റുമുട്ടൽ. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയല്ലാത്ത ഷഹബാസിനെ കൂട്ടുകാരൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. അടിയേറ്റ വിവരം ഷഹബാസ് വീട്ടിൽ പറഞ്ഞില്ല. പിന്നീട് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊല്ലുമെന്നു പറഞ്ഞാൽ
കൊന്നിരിക്കും
തെളിവായി ചാറ്റ്
ഗൂഢാലോചനയും പ്രതികാര മനസ്സും വ്യക്തമാക്കുന്നതാണ് പ്രതികളുടെ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ. ട്യൂഷൻ സെന്ററിലെ സംഭവശേഷം വ്യക്തമായ ആസൂത്രണത്തോടെയാണ് കുട്ടികൾ സംഘർഷം സൃഷ്ടിച്ചത്. തല്ലുണ്ടാക്കാൻ താമരശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് കുട്ടികളെ വിളിച്ചുവരുത്തി. കൊലവിളി നടത്തി.
ഷഹബാസിനെ കൊല്ലുമെന്ന് ഞാൻ പറഞ്ഞതാ കൊന്നിരിക്കും, അവന്റെ കണ്ണൊന്ന് പോയിനോക്ക്, കണ്ണൊന്നും ഇല്ല. കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചാലും ഒരു വിഷയവുമില്ല, കേസെടുക്കില്ല. എടുത്താലും തള്ളിപ്പോകും - മർദ്ദനത്തിന് നേതൃത്വം നൽകിയവന്റെ ഇൻസ്റ്റഗ്രാമിലെ പ്രതികരണമാണിത്
എല്ലാവരും വേഗം വരണം, ആണുങ്ങൾ ആരെങ്കിലും ഗ്രൂപ്പിലുണ്ടെങ്കിൽ വേഗം വാ, വണ്ടിയിൽ വച്ച് കിട്ടിയില്ലെങ്കിൽ ബസ് ഇറങ്ങുമ്പോ പിടിക്കാം - പരമാവധി കുട്ടികളെ എത്തിക്കാനിട്ട സന്ദേശം ഇങ്ങനെ
നിന്നോട് മുന്നേ പറഞ്ഞതല്ലേ പ്രശ്നത്തിന് നിൽക്കണ്ടെന്ന്, എന്നിട്ടും വന്ന് പ്രശ്നമുണ്ടാക്കി, അതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് - മർദ്ദനശേഷം കൂട്ടത്തിലൊരാൾ ഷഹബാസിന് അയച്ച സന്ദേശം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |