തിരുവനന്തപുരം: അർദ്ധരാത്രിയിൽ കമ്മ്യൂണിറ്റി വോളണ്ടിയർമാരെ നിയമിക്കാൻ ഉത്തരവിറക്കി ആശാവർക്കർമാരുടെ സമരത്തെ തകർക്കാനാവില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു. വിവാദ ഉത്തരവിറക്കിയ എൻ.എച്ച് എം സ്റ്റേറ്റ് മിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സെക്രട്ടേറിയേറ്റിനു മുന്നിലെ സമരവേദിയിൽ നിന്നു ആരംഭിച്ച പ്രതിഷേധമാർച്ചിൽ നൂറുകണക്കിന് ആശാപ്രവർത്തകർ അണിനിരന്നു. ജനറൽ ആശുപത്രിയിലെ
എൻ.എച്ച്.എം ഓഫീസിനു മുന്നിലെത്തി ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി വോളണ്ടിയർമാരെ നിയോഗിക്കാൻ വാർഡ് തലത്തിൽ ട്രെയിനിംഗ് നൽകാനായി ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണിത്. ആശമാരുടെ ജീവൻമരണ സമരത്തിന്റെ മൂർദ്ധന്യത്തിൽ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്. സമരം വിജയിക്കേണ്ടത് പണിയെടുത്ത് ജീവിക്കുന്ന മുഴുവനാളുകളുടെയും ആവശ്യമാണെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി,ജില്ലാ നേതാക്കളായ കെ.പി.റോസമ്മ,റോസി.എം,എ,സബൂറ തുടങ്ങിയവർ നേതൃത്വം നൽകി.
നാളെ നിയമസഭാ മാർച്ച്
ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നിയമസഭയിലേയ്ക്ക് മാർച്ച് നടത്തും. സമരം ഇന്ന് 21-ാം ദിവസത്തിലേക്ക് കടക്കും.
ബി.ഡി.ജെ.എസിന്റെ
ഐക്യദാർഢ്യം
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നിർദ്ദേശപ്രകാരം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഡി.പ്രേംരാജിന്റെ നേതൃത്വത്തിൽ സംസ്ഥാന,ജില്ലാ നേതാക്കൾ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ആശമാരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, സെക്രട്ടറി ആലുവിള അജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി വേണു കാരണവർ, ജില്ലാ ഭാരവാഹികളായ കെ.പി.അമ്പീരൻ,അനീഷ്ദേവൻ,ദഞ്ചുദാസ്, മണ്ണന്തല മുകേഷ്, അജി,കെ.ശ്രീകുമാർ, ആർ.ഡി.ശിവാനന്ദൻ,തൊഴുവൻകോട് വിജികുമാർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |