തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരങ്ങളിലും പ്രധാന വഴികളിലും പൊലീസിന്റെ നേതൃത്വത്തിൽ 179 സിസി.ടിവി ക്യാമറകൾ സ്ഥാപിക്കും. കൂടാതെ രണ്ട് നിരീക്ഷണ ടവറുകളും 6 ഡ്രോണുകളുമുണ്ടാകും. ക്ഷേത്രപരിസരത്ത് പൊലീസിന്റെ പ്രധാന കൺട്രോൾ റൂം കൂടാതെ അഡീഷണൽ കൺട്രോൾ റൂമുകളും വനിതാ ഹെല്പ് ഡെസ്‌കും പ്രവർത്തിക്കും.
അന്നദാനം,വെടിവഴിപാട്,ക്ഷേത്ര ദർശനം,ആന എഴുന്നള്ളിപ്പ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാൻ സബ് കളക്ടർ ഒ.വി.ആൽഫ്രഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഫയർ ഫോഴ്സ് 29 വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 112പേരെ വിന്യസിക്കും.
പൊങ്കാല ദിവസം അന്നദാനം നടത്തുന്നവർക്ക് ഫുഡ് സേഫ്ടി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതുവരെ 42 പേരാണ് സർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സാമ്പിൾ പരിശോധനയും സജീവമാണ്.
പൊങ്കാലയ്ക്കു ശേഷം കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യങ്ങളിൽ തീപടർന്ന് അപകടം ഉണ്ടാകാതിരിക്കാൻ ഈഞ്ചയ്ക്കലും ചെറുവയ്ക്കലും ഫയർ എൻജിനുകൾ സജ്ജീകരിക്കും.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി എം.ബീന പി. ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഉത്സവ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. പൊങ്കാല ദിവസം 700 ബസുകളും ഏഴ് സ്‌പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും.
പാർക്കിംഗിനായി 30 ഗ്രൗണ്ടുകൾ, ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം
നഗരം വൃത്തിയാക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ 2000 തൊഴിലാളികളും 125 ഉദ്യോഗസ്ഥരും.
കുടിവെള്ളം യഥേഷ്ടം എത്തിക്കും. തെരുവുനായ്ക്കളെ നിയന്ത്രിക്കും
കോർപ്പറേഷന്റെ നേതൃത്വത്തിൽ രണ്ട് ഏജൻസികൾ തെരുവ് വിളക്ക് അറ്റകുറ്റപ്പണികൾ നടത്തും
ജില്ലാ ശുചിത്വ മിഷന്റെ ഹരിത പ്രോട്ടോക്കോൾ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഗ്രീൻ ആർമി രൂപീകരിക്കും
കെ.എസ്.ഇ.ബി ഒൻപത് സെക്ഷനുകളിലെ പ്രവൃത്തികൾ പൂർത്തിയാക്കി.
4 മുതൽ 14വരെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |