തൃശൂർ: ഫെയർ മീറ്ററില്ലെങ്കിൽ യാത്ര സൗജന്യമെന്ന ബോർഡ് സ്ഥാപിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ തയ്യാറാകാതെ ഓട്ടോ തൊഴിലാളികൾ. ഇന്നലെ നഗരത്തിലും നാട്ടിൻപുറങ്ങളിലും സർവീസ് നടത്തിയ ഓട്ടോകളിലൊന്നും ബോർഡ് ഉണ്ടായിരുന്നില്ല. പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പും തുനിഞ്ഞില്ല. 'ഓരോ ഓട്ടോകളിലും കയറി പരിശോധിക്കുകയല്ല, മറിച്ച് ടെസ്റ്റിന് വരുമ്പോൾ ബോർഡ് ഉണ്ടാകണമെന്നതാണ് നിർദ്ദേശം. തിങ്കളാഴ്ച ടെസ്റ്റ് പരിശോധിക്കുന്ന ദിവസമാണ്. അന്ന് ഓട്ടോകളിൽ ബോർഡില്ലെങ്കിൽ ടെസ്റ്റ് കൊടുക്കില്ല' എന്നാണ് ഇതുസംബന്ധിച്ച് തൃശൂർ ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ കേരളകൗമുദിയോട് വിശദീകരിച്ചത്.
എന്നാൽ തൊഴിലാളി വിരുദ്ധമാണ് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സർക്കുലറെന്നാണ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ അഭിപ്രായം. മീറ്റർ പ്രവർത്തിക്കാതിരുന്നാൽ സൗജന്യയാത്രയെന്ന പ്രഖ്യാപനം യാത്രക്കാരുമായുള്ള സംഘർഷത്തിലേക്ക് നയിക്കുമെന്നാണ് ഡ്രൈവർമാരുടെ നിലപാട്.
ഓരോ തിങ്കളാഴ്ചയിലും ടെസ്റ്റിനായി ഏകദേശം 30 ഓട്ടോകളെങ്കിലും വരുന്നുണ്ടെന്നാണ് കണക്ക്. ബോർഡ് സ്ഥാപിക്കാതെയെത്തുന്ന ഓട്ടോകൾക്ക് ടെസ്റ്റ് നൽകാതെ വന്നാൽ അതും സംഘർഷത്തിനിടയാക്കിയേക്കും. എന്നാൽ ഓട്ടോകളിൽ ഫെയർ മീറ്റർ സ്ഥാപിക്കണമെന്നത് ന്യായമായ കാര്യമാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് കൃത്യം തുകയാണ് നൽകുന്നതെന്ന് ഉറപ്പാക്കാൻ ഉപകരിക്കും. കൂടാതെ രാത്രി പത്തിന് ശേഷമുള്ള സർവീസിന് പലപ്പോഴും തോന്നുംപടിയാണ് തുക ഈടാക്കുന്നതെന്ന ആക്ഷേപവും ഇല്ലാതാക്കും.
മീറ്റർ കേടാണെങ്കിലും യാത്ര ചെയ്തിട്ട് ഒരു രൂപ പോലും കൊടുക്കേണ്ട എന്ന പ്രഖ്യാപനം തൊഴിലാളി വിരുദ്ധമാണ്. ഇതിനെ പ്രതിരോധിക്കും. ധർണ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പത്തിന് കോർപറേഷൻ ഓഫീസിന് മുൻപിൽ സർക്കുലർ കത്തിക്കും.
സുന്ദരൻ കുന്നത്തുള്ളി
ഐ.എൻ.ടി.യു.സി.
മീറ്ററിന് എതിരല്ല. നാട്ടിൻപുറങ്ങളിലും മലയോര മേഖലകളിലും മീറ്ററിട്ട് ഓടിയാൽ ഡ്രൈവർക്ക് ഒന്നും കിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ മീറ്ററിനെ ആരും എതിർത്തിട്ടില്ല. മൂന്നിന് ആർ.ടി.ഒ ഓഫീസ് മാർച്ച് നടത്തും. സംയുക്തപണിമുടക്ക് ഉൾപ്പെടെ ആലോചനയിലുണ്ട്.
ടി.കെ.പുഷ്പാകരൻ
ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോഴ്‌സ് യൂണിയൻ
ഓട്ടോ തൊഴിലാളികളും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടാക്കുന്ന ഉത്തരവാണിത്. സമരവുമായി രംഗത്തിറങ്ങി കഴിഞ്ഞു. നഗരത്തിൽ നിന്നും ഗ്രാമ പ്രദേശങ്ങളിലേക്ക് ഓട്ടം പോകുമ്പോൾ മീറ്റർ ചാർജേ തരികയുള്ളൂവെന്ന് നിർബന്ധം പിടിച്ചാൽ പെട്ടുപോകും. സ്വന്തം കൈയിൽ നിന്നും എണ്ണയടിക്കേണ്ടി വരും.
സേതു തിരുവെങ്കിടം
ബി.എം.എസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |