കോട്ടയം : കോട്ടയം അക്ഷര നഗരി മാത്രമല്ല, ലഹരി മാഫിയകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. 2020 മുതൽ യുവാക്കളിലും കൗമാരക്കാരിലും മാരക ലഹരി ഉപയോഗം പതിന്മടങ്ങ് വർദ്ധിച്ചെന്ന് എക്‌സൈസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വിമുക്തിമിഷനിൽ നിന്ന് ചികിത്സ തേടുന്നവർ ഏറെയും മുൻപ് മദ്യപാനികളായിരുന്നെങ്കിൽ ഇപ്പോൾ മാരക ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരായി. ലഹരി വിമോചനകേന്ദ്രത്തിൽ എത്തിയവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് കോട്ടയം. പിടികൂടുന്നതിന്റെ പലമടങ്ങ് ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസും എക്സൈസും പറയുന്നത്. 2019 ആഗസ്റ്റിലാണ് വിമുക്തിയുടെ ഡീ അഡിക്ഷൻ സെന്റർ പാലായിൽ ആരംഭിച്ചത്.
എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു. 25 വയസിന് താഴെയുള്ളവരാണ് ഏറെയും. കൊവിഡിന് ശേഷമാണിത്. അതിരില്ലാത്ത സൗഹൃദവും മറ്റും കുട്ടികളെ ലഹരിയിലേയ്ക്ക് അടുപ്പിച്ചു.
ഇൻസ്റ്റയിൽ ലഹരി ഇടപാടുകൾ
ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാദ്ധ്യമങ്ങൾ വിദ്യാർത്ഥികളെ ലഹരി മാഫിയകളുമായി ബന്ധപ്പെടുത്തുന്നതാണെന്ന് അടുത്തിടെ സൈബർ സെൽ കണ്ടെത്തിയിരുന്നു. നവമാദ്ധ്യമങ്ങളിലൂടെയുള്ള പരിചയം മറ്റ് ജില്ലകളിലേയ്ക്കും കടന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്.
ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയത് : 12927
കിടത്തിചികിത്സയ്ക്ക് വിധേയരായത് : 924 പേർ
2024 ഡിസംബർ വരെ
പരിശോധനകൾ: 36,629
പടിച്ചെടുത്ത കഞ്ചാവ് : 214.79 കിലോ, എം.ഡി.എം.എ 3.72 കിലോ
ലഹരിയുമായി അറസ്റ്റിലായ സ്ത്രീകൾ : 3
'' നമ്മുടെ തലമുറ കൈവിട്ടു പോവുകയാണ്. വിചാരിക്കുന്നതിനും അപ്പുറമാണ് കാര്യങ്ങൾ''
വിമുക്തി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |