കണ്ണൂർ: ഇന്നലെ കാട്ടുപന്നിയുടെ കുത്തേറ്റ് മൊകേരി വള്ളിയാട് മുതിയങ്ങ വയലിൽ കർഷകനായ ശ്രീധരൻ(70) കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ ഉയരുന്നത് കടുത്ത പ്രതിഷേധം. ശല്യക്കാരായ കാട്ടുപന്നികളെ നിർബാധം വളരുന്നത് അനുകൂലമായ സൗകര്യം നിയമം വഴി ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുടെ 'കൃത്യനിർവഹണ ബോധ"മാണ് പാവപ്പെട്ട എഴുപതുകാരനെ സ്വന്തം വയലിൽ വയറുപിളർന്ന് ചാകുന്നതിന് ഇടയാക്കിയതെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.
പാട്യം പഞ്ചായത്തിലെ മൊകേരി വള്ളിയാട് മുതിയങ്ങ വയലിലാണ് ശ്രീധരന്റെ വാഴയും മരച്ചീനിയും വിളയുന്ന കൃഷിയിടം. ഈ വയസിലും എന്നും രാവിലെ കൃഷിയിടത്തിൽ എത്തി വെള്ളം നനച്ചാണ് ഇദ്ദഹം വീട്ടിലേക്ക് മടങ്ങുന്നത്.
സമീപത്തുള്ളവരോടും മറ്റ് കർഷകരോടും സൗഹൃദം പങ്കുവച്ചാണ് തിരിച്ചുപോകുന്നത്
വാഴ നനക്കുന്നതിനായി തോട്ടത്തിലൂടെ നടന്നു പോകുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി കുത്തിയത്.നിലവിളി കേട്ട് മറ്റൊരു കർഷകനായ നാണു ഓടി എത്തിയപ്പോഴേക്കും ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു ശ്രീധരൻ. ശ്രീധരനെ ആക്രമിച്ച പന്നി ഇതുവഴി ഓടി പോകുന്നത് കണ്ടതായും നാണു പറഞ്ഞു. ഇതിനോട് ചേർന്ന പ്രദേശത്ത് സർവേ നടത്തുകയായിരുന്നവരെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ഈ കാട്ടുപന്നിയെ പിന്നീട് നാട്ടുകാർ തല്ലികൊന്നു.
ശ്രീധരന്റെ വയറിലും ഇടതുകാലിനും മാരകമായ മുറിവാണ് ഏറ്റിരുന്നത്. ഇടതുകാലിന്റെ മാംസം മുഴുവൻ പുറത്തേക്ക് വന്ന നിലയിലായിരുന്നു. ഓടിയെത്തിയ പരിസരവാസികൾ നൽകിയ വെള്ളം കുടിച്ച ശ്രീധരൻ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ തന്നെ മരണപ്പെടുകയായിരുന്നു.
കാടല്ല, ഇത് പൊതുവഴി
സ്ഥിരമായി ആളുകൾ നടന്നു പോകുന്ന വഴിയോട് ചേർന്നാണ് ശ്രീധരന്റെ കൃഷിയിടം. നിരവധി വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലം കൂടിയാണിത്.സംഭവം നടന്ന പ്രദേശത്തിനടുത്തൊന്നും കാടില്ല .ജനവാസമേഖലയിൽ കാട്ടുപന്നികൾ അധികരിക്കുന്നതിനെതിരെ വനംവകുപ്പ് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം.
പ്രദേശത്തെ കാർഷിക ഉത്പന്നങ്ങളെല്ലാം മുള്ളൻപന്നിയും കാട്ടുപന്നികളും നശിപ്പിക്കുകയാണ്. കിഴങ്ങുകളും വാഴയും മറ്റ് വിളകളുമെല്ലാം ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നുണ്ട്. ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയാൽ പ്രദേശത്ത് ഇത്തരം വന്യമൃഗങ്ങളൊന്നുമില്ലെന്നാണ് അധികൃതരുടെ വിശദീകരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
തുടർകഥയായി വന്യമൃഗ ആക്രമണം
ആറളം ഫാം പുനരധിവാസ മേഖലയിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഫെബ്രുവരി 23നാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരിട്ടി ആറളം ഫാമിലെ പതിമൂന്നാംബ്ളോക്കിൽ ജോലിക്ക് പോകുകയായിരുന്ന ഷാജിയും ഭാര്യ അമ്പിളിയും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ആന മറിച്ചിട്ടപ്പോൾ ഷാജി സ്കൂട്ടറിനടിയിൽപ്പെടുയായിരുന്നു. ഒാടാൻ ശ്രമിച്ച അമ്പിളിയെ ആന തുമ്പികെെയ്യിലെടുത്ത് വലിച്ചെറിയുകയും ചെയ്തു. ഒരാഴ്ച്ച മുൻപാണ് മുള്ളൻപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ ഡ്രൈവർ കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയൻ (52) മരിച്ചത്.
ആംബുലൻസ് തടഞ്ഞ് പ്രതിഷേധം
പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹവുമായി എത്തിയ ആംബുലൻസിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പാത്തിപ്പാലത്ത് ആംബുലൻസ് എത്തിയപ്പോഴാണ് ഡി.സി.സി ജനറൽസെക്രട്ടറിമാരായ കെ.പി.സാജു , ഹരിദാസ് മൊകേരി,
രാഹുൽ ചെറുവാഞ്ചേരി,കെ , ലോഹിതാക്ഷൻ,പി.പി. പ്രജീഷ്,കോച്ചുകുമാരൻ,നിമിഷ വിപിൻദാസ്,വിപിൻ ദാസ്,ജഗദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
പത്തു മിനുട്ടോളം പ്രതി ഷേധം നീണ്ടുനിന്ന പ്രതിഷേധം ആക്രമണകാരികളായ കാട്ടുപന്നികളെ കൊല്ലാൻ വനംവകുപ്പ് നടപടിയെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |