പത്തനംതിട്ട: പ്രാചീന ഗോത്രകലയായ പടയണി പുതുതലമുറകളിലേക്ക് പകരാനും ഗവേഷണത്തിനുമായി തയ്യാറാക്കിയ കടമ്മനിട്ട പടയണി ഗ്രാമം പദ്ധതിയുടെ നാലാം ഘട്ട നിർമ്മാണം, കേന്ദ്രഫണ്ട് തടഞ്ഞതിനെ തുടർന്ന് മുടങ്ങി. 5.26 കോടിയാണ് പദ്ധതിക്ക് അനുവദിച്ച മൊത്തം തുക. ഇതുവരെ നടന്ന നിർമ്മാണം സംരക്ഷിക്കാത്തതിനാലാണ് നാലാംഘട്ടത്തിനുള്ള നാല് കോടി രൂപ തടഞ്ഞത് .
മൂന്ന് ഘട്ടങ്ങളിലായി നടന്ന നിർമ്മാണത്തിന്റെ പുരോഗതി പരിശോധിക്കാനെത്തിയ കേന്ദ്ര ടൂറിസം വകുപ്പ് അധികൃതർ പടയണിഗ്രാമം സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.
കേന്ദ്രസർക്കാരിന് സമർപ്പിച്ച പദ്ധതിയുടെ രൂപരേഖയിൽ അംഗീകാരം വാങ്ങാതെ സംസ്ഥാന ടൂറിസം വകുപ്പ് മാറ്റം വരുത്തിയാണ് മൂന്ന് ഘട്ടം പൂർത്തീകരിച്ചത്. കേന്ദ്രം ആദ്യം അനുവദിച്ച 1.26 കോടിയും സംസ്ഥാന വിഹിതമായ 79 ലക്ഷവും ഇതിന് ചെലവഴിച്ചു.
പടേനി മ്യൂസിയം, ഗോത്രകലാ കളരി, ഒാഫീസ്, ഗസ്റ്റ് റൂമുകൾ എന്നിവ ബാംബു ഉല്പന്നങ്ങൾ കൊണ്ട് നിർമ്മിച്ചു. ഗസ്റ്റ് റൂമുകളുടെ മേൽക്കൂരയും തറ ടൈൽ പാകിയതും പൊളിഞ്ഞു. കാടുകയറിയ പരിസരം കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും താവളമായി. അലങ്കാര ഗോപുരത്തിലെ ഗാർഡ് റൂം സാമൂഹ്യവിരുദ്ധ കേന്ദ്രമായി.
പടയണി റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ സെന്റർ, ഒാപ്പൺ എയർ തീയറ്റർ, ഡോർമെറ്ററികൾ, ലാൻഡ് സ്കേപ്പിംഗ്, സംരക്ഷണ മതിൽ എന്നിവയാണ് നാലാംഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
കേന്ദ്ര ഫണ്ട് ലഭിക്കാൻ
1. നിർമ്മാണത്തിലെ അപാകതകൾ സംസ്ഥാനം അറ്റകുറ്റപ്പണി നടത്തി പരിഹരിച്ച് സംരക്ഷിക്കണം
2. പരിസരങ്ങളിലെ കാടുകൾ തെളിക്കണം.
3. ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കണം.
"കേന്ദ്രഫണ്ട് ഇനി ലഭിക്കണമെങ്കിൽ നിലവിലുള്ളത് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണം. അതിന് സംസ്ഥാന ടൂറിസം വകുപ്പ് മുൻകൈയെടുക്കണം."
(അഡ്വ. കെ. ഹരിദാസ്, പടയണി ഗ്രാമം ഏകോപനസമിതി പ്രസിഡന്റ്.)
----------------------
"പുതിയതായി ചുമതലയേറ്റയാളാണ്. ഫയൽ പഠിച്ച് തടസങ്ങൾ നീക്കാൻ നടപടിയെടുക്കും."
(സുബൈർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ)
പടയണി ഗ്രാമം 4 ഏക്കറിൽ
-----------------
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |