കൊച്ചി: കേരള പി.എസ്.സിയുടെ നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകവും ആശങ്കയുളവാക്കുന്നതുമാണെന്ന് ഹൈക്കോടതി. പൊലീസ് കോൺസ്‌റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. അനർഹർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. എങ്കിൽ മാത്രമേ ജനങ്ങൾക്ക് പി.എസ്.സിയിൽ വിശ്വാസ്യത ഉണ്ടാവുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പരീക്ഷാഹാളിൽ സ്‌മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. പരീക്ഷാഹാളിൽ നിന്ന് ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പ്രണവ് പുറത്തേക്ക് അയച്ചുകൊടുത്തതായും തട്ടിപ്പ് ആസൂത്രണം ചെയ്തശേഷം ട്രയൽ നടത്തിയതായും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തും നസിമും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാൽ പ്രണവ് ആർക്കാണ് ചോദ്യപേപ്പർ അയച്ചുകൊടുത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഇവർ പറഞ്ഞത്. പ്രണവാണ് തട്ടിപ്പിന്റെ ആസൂത്രകൻ.
മൊബൈലും സ്മാർട്ട് വാച്ചുപോലുള്ള ഉപകരണങ്ങളും ഇന്റർനെറ്റ് സഹായത്തോടെ മത്സരപരീക്ഷകളിൽ വിജയംനേടാൻ ഉപയോഗിക്കാനുള്ള മാർഗങ്ങളും തന്ത്രങ്ങളും ആസൂത്രണം ചെയ്തത് പ്രണവാണ്. പരീക്ഷയ്‌ക്ക് ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ചോദ്യം പുറത്തേക്ക് അയച്ചുകൊടുത്ത് സ്മാർട്ട് വാച്ച് സഹായത്തോടെ ഉത്തരങ്ങൾ തേടുന്നതിന്റെ ട്രയൽ നടത്തിയിരുന്നു. മോഡൽ ചോദ്യം വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്തായിരുന്നു പരീക്ഷണം. നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ സ്മാർട്ട് വാച്ചുകളിൽ ലഭിക്കുമോയെന്നറിയുകയായിരുന്നു ഉദ്ദേശം. ചോദ്യ നമ്പരുകൾക്ക് അനുസരിച്ച് ഉത്തരങ്ങൾ കിറുകൃത്യമായി സ്മാർട്ട് വാച്ചുകളിൽ ലഭിച്ചതോടെ ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഇത് പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി.
ഉത്തരങ്ങൾ കണ്ടെത്തി നൽകാനുള്ള സംഘത്തെ തീരുമാനിച്ചതും പ്രണവുമായി ചേർന്നാണ്. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുൽ, കല്ലറയിൽ പി.എസ്.സി പരീക്ഷാർത്ഥിയായ സഫീർ എന്നിവരുൾപ്പെട്ട സംഘത്തെയാണ് ഉത്തരങ്ങൾ കൈമാറാൻ നിയോഗിച്ചത്. ഇവരെ കൂടാതെ ഏതാനും പേർ കൂടി ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത സംഘത്തിലുൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ കൂട്ടാക്കാത്ത സംഘം പല ചോദ്യങ്ങൾക്കും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നുണ്ട്.
പ്രണവിനെ പിടികൂടിയാൽ മാത്രമേ ശിവരഞ്ജിത്തിന്റെയും നസിമിന്റെയും മൊഴികൾ വാസ്തവമാണോയെന്ന് സ്ഥിരീകരിക്കാനാകൂ. ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകാരാണ് ശിവരഞ്ജിത്തും പ്രണവും.നസിം 23 ാം റാങ്കുകാരനാണ്. ഇവരെ കൂടാതെ റാങ്ക് പട്ടികയിൽ ഇത്തരത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പരീക്ഷാഹാളിൽ സ്‌മാർട്ട് വാച്ച് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിന് പരീക്ഷാനടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിലാണ്.
പരീക്ഷാതട്ടിപ്പിന് ഉപയോഗിച്ചെന്ന് കരുതുന്ന സ്മാർട്ട് വാച്ചുകളും ഫോണുകളും കണ്ടെത്താനും തട്ടിപ്പിന്റെ ആസൂത്രണം നടത്തിയ സ്ഥലങ്ങൾ തിരിച്ചറിയാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കൂടാതെ കേസിൽ ഒളിവിൽ കഴിയുന്ന പ്രണവിനെയും ഗോകുൽ, സഫീർ എന്നിവരെയും കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. സഫീർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |