കോഴിക്കോട്: മാലിന്യവാഹികളായ 555 നീർച്ചാലുകൾ ഇനി തെളിഞ്ഞൊഴുകും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ പദ്ധതി' യിലൂടെയാണ് നഗരത്തിലെ നീർച്ചാലുകൾ മാലിന്യ മുക്തമാക്കിയത്. 2019 ഡിസംബർ എട്ടിന് ആരംഭിച്ച ഒന്നാംഘട്ട പ്രവർത്തനത്തിൽ ജില്ലയിൽ 237.54 കിലോമീറ്റർ നീളത്തിൽ 98 നീർച്ചാലുകളും 2020ൽ രണ്ടാംഘട്ടത്തിൽ 455 കി.മീറ്റർ നീളത്തിൽ 457 നീർച്ചാലുകളുമാണ് ശുചീകരിച്ചത്. പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയായിവരികയാണ്. ജില്ലയിലെ ബാക്കിയുള്ള നീർച്ചാലുകളുമാണ് മൂന്നാംഘട്ടത്തിൽ ശുചീകരിക്കുന്നത്. ശുചിത്വ നീർച്ചാലുകളുടെ പ്രഖ്യാപനം മാർച്ച് 30ന് നടക്കും. പായൽ, മാലിന്യം, ചെളി എന്നിവ മൂലം സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ട ജില്ലയിലെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുകയാണ് ലക്ഷ്യം. കൈവഴികളായ തോടുകളും നീർച്ചാലുകളും മലിനമാകുന്നതാണ് പുഴകൾ മലിനമാകാൻ പ്രധാന കാരണം. ഈ തിരിച്ചറിവിലാണ് നീർച്ചാലുകളുടെ വീണ്ടെടുപ്പിനായി സംസ്ഥാന തലത്തിൽ 'ഇനി ഞാൻ ഒഴുകട്ടെ 'പദ്ധതിയ്ക്ക് തുടക്കമിട്ടത്.
മൂന്നാംഘട്ടം അന്തിമ ഘട്ടത്തിൽ
തദ്ദേശ ഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ് തുടങ്ങിയവ ചേർന്ന് ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടം ശുചീകരണം അന്തിമഘട്ടത്തിലാണ്. ശുചീകരിച്ച നീർച്ചാലുകൾ വീണ്ടും മലിനപ്പെടാതിരിക്കാൻ ബോധവത്കരണവും നടത്തുന്നുണ്ട്. നീർച്ചാലിലെത്തുന്ന മുഴുവൻ ഓടകളും പരിശോധിച്ച് മലിനജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കും. വീണ്ടെടുത്ത ജലസ്രോതസിനെ പ്രയോജനപ്പെടുത്തി പലയിടങ്ങളിലും കൃഷിയും വ്യാപിപ്പിച്ചു. നീർചാലുകളിലെ വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി വൃഷ്ടി പ്രദേശത്തെ കുളങ്ങളിൽ പരമാവധി ജലസംഭരണം സാദ്ധ്യമാക്കുക. ജലസേചന കനാലുകൾ, ക്വാറികൾ എന്നിവയിൽ റീചാർജിംഗ് ഉറപ്പാക്കുക തുടങ്ങിയവും സംഘടിപ്പിക്കും.
നീർച്ചാലുകൾ വീണ്ടെടുക്കാം
ജില്ലയിലെ മുഴുവൻ നീർച്ചാലുകളും ശുചീകരിക്കും
ജലാശയങ്ങൾ മാലിന്യവും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി വൃത്തിയാക്കും
പാർശ്വവശങ്ങൾ ബണ്ട് കെട്ടി സംരക്ഷിക്കും
പായൽ നീക്കം ചെയ്യും
ഇതിലൂടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ തടയും
ജലാശയങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിച്ച് കലക്ഷൻ സെന്ററുകളിൽ എത്തിക്കും
ഘട്ടം- നീർച്ചാലുകൾ- കിലോമീറ്റർ
ആദ്യ ഘട്ടം...... 98................ 237.54
രണ്ടാം ഘട്ടം....457..............455
ആകെ...........555
''ശുചീകരിച്ച നീർച്ചാലുകൾ വൃത്തികേടാക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ എല്ലാ നീർച്ചാലുകളും നമുക്ക് വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ-പ്രസാദ്, ജില്ലാ കോർഡിനേറ്റർ, ഹരിത കേരളം മിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |