കാർ ഓടിയത് നൂറു കിലോമീറ്ററിന് മുകളിൽ വേഗതയിൽ
കാസർകോട്:തിങ്കളാഴ്ച രാത്രി പത്തിന് ഉപ്പള പഴയ ചെക്ക് പോസ്റ്റിന് സമീപം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായത് കാറിന്റെ അമിതവേഗതയെന്ന് ദൃക് സാക്ഷികളും പരിശോധന നടത്തിയ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും. അപകടത്തിൽപെടുമ്പോൾ കാറിന് നൂറു കിലോമീറ്ററിന് മുകളിൽ വേഗതയുണ്ടായിരുന്നുവെന്നാണ് നിഗമനം. നിയന്ത്രണം വിട്ട് ശക്തിയായി പാലത്തിന്റെ ഡിവൈഡറിലിടിച്ചാണ് പൈവളിഗെ ബായിക്കട്ട മഞ്ചത്തോടി ഹൗസിൽ ജനാർനൻ (65), മകൻ അരുൺ (28), ഹൊസങ്കടി മജിബയലിലെ ഭൂപതിയുടെ മകൻ കിഷൻ എന്ന കൃഷ്ണ (32) എന്നിവർ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഏറെ സമയം കഴിഞ്ഞാണ് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞത്. ഭൂപതിയുടെ ഏക മകനാണ് മരിച്ച കിഷൻ. ജനാർദ്ദനന് കിരൺ എന്ന മകൻ കൂടിയുണ്ട്. കാറിൽ നിന്നും തെറിച്ചുവീണ മംഗളൂരു സ്വദേശി രത്നകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ചേശ്വരം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നേരം ഗതാഗതം സ്തംഭിച്ചിരുന്നു.
കാർ ചിന്നിചിതറി; ടയറുകൾ ഊരിതെറിച്ചു
കാസർകോട് : അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരുടെ ദാരുണാന്ത്യത്തിന് കാരണമായ കാർ അപകടം ഓടിയെത്തിയ നാട്ടുകാരെ പോലും ഞെട്ടിച്ചു. ഡിവൈഡറിലേക്ക് ഇടിച്ചു കയറി മീറ്ററുകളോളം ദൂരത്തിൽ ഓടിച്ചു പോയ കാറിന്റെ അവശിഷ്ടങ്ങൾ ദേശീയപാതയിൽ ചിന്നി ചിതറിയ നിലയിൽ ഉണ്ടായിരുന്നു. ദേശീയപാത നിർമ്മാണത്തിനായി റോഡരികിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ പലതവണ ഇടിച്ചിട്ടും കാർ നിന്നിരുന്നില്ല. കാറിന്റെ ടയറുകൾ ഊരിത്തെറിച്ച നിലയിലായിയിരുന്നു. മുൻഭാഗത്തെ ഷോക്കോപ്സറും ബോഡിയുടെ ഷീറ്റും പൊട്ടിപ്പൊളിഞ്ഞ് റോഡിൽ വീണു. കിഷന്റെ മൃതദേഹം കാറിൽ നിന്ന് തെറിച്ചു റോഡിലാണുണ്ടായിരുന്നത് . മരിച്ച ജനാർദ്ദനനെയും മകൻ അരുണിനെയും കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിന്റെ അമിതവേഗം തന്നെയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ച കിഷനുമായി മംഗളൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |