കോഴഞ്ചേരി : മൺപുറ്റുകൾ രൂപപ്പെട്ടതോടെ പമ്പാനദി ഒഴുകുന്നത് പല നീർച്ചാലുകളായി. നദിയിലെ മണൽ നീക്കാനുള്ള പദ്ധതിയും പാളി. 2018 ലെ പ്രളയത്തിന് ശേഷം നദിയിലടിഞ്ഞ ചെളിയാണ് മൺപുറ്റുകൾ രൂപപ്പെടാൻ കാരണമായത്. മാലക്കര മുതൽ കീക്കൊഴൂർ വരെയുള്ള നിരവധി പ്രദേശങ്ങളിൽ മൺതിട്ടകൾ കാണാം.
പ്രളയത്തെ തുടർന്ന് വൻ തോതിൽ ചെളിയടിഞ്ഞുകൂടിയത് നദിയിൽ വെള്ളത്തിന്റെ സംഭരണ ശേഷി കുറയ്ക്കുമെന്നും ഇത് വീണ്ടും പ്രളയത്തിന് കാരണമാക്കുമെന്നും വിലയിരുത്തലുണ്ടായതോടെ ചെളി നീക്കം ചെയ്യാൻ വൻകിട ജലസേചന വകുപ്പ് പദ്ധതി നടപ്പാക്കിയിരുന്നു. പക്ഷേ ആസൂത്രണത്തിലെ പാളിച്ചകൾ മൂലം പദ്ധതി പരാജയപ്പെട്ടു. മണൽ പരപ്പിന് സമാനമായി ചെളി അടങ്ങിയ മണ്ണ് നീക്കം ചെയ്യാനായിരുന്നു പദ്ധതി .
മഴക്കാലത്താണ് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്. നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഇത് നിറുത്തിവയ്ക്കേണ്ടി വന്നു. വാരിക്കൂട്ടിയ മണ്ണിൽ ഭൂരിഭാഗവും തുടർന്നുളള മഴക്കാലത്തും വെള്ളപ്പൊക്കത്തിലും നദിയിലേക്കുതന്നെ ഒഴുകിപ്പോയി. നദികളിലും കൈത്തോടുകളിലും അടിഞ്ഞുകൂടിയ ചെളി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഉപയോഗിക്കാതെ കിടന്ന പണം ഉപയോഗപ്പെടുത്തി നീക്കംചെയ്യുന്ന പദ്ധതിയാണ് പമ്പയിലും നടപ്പാക്കാനൊരുങ്ങിയത്. വീണ്ടും ഉണ്ടാകാവുന്ന പ്രളയ ആഘാതം ഇതുവഴി കുറയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടൽ . എന്നാൽ പദ്ധതി ഏറ്റെടുത്ത കരാർ ജോലിക്കാരിൽ പലർക്കും പണം നൽകിയിട്ടില്ലെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കരാറുകാർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ചെളി കൂടൂതൽ, മണൽ വാങ്ങാനാളില്ല
1 . നദിയിൽ നിന്ന് നീക്കംചെയ്യുന്ന മണൽ സംഭരിക്കാനുള്ള സ്ഥലം തദ്ദേശ ഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും മണൽ ലേലം ചെയ്യുന്ന തുകയുടെ 70% തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്നുമായിരുന്നു വ്യവസ്ഥ . പക്ഷേ നീക്കംചെയ്ത മണലിൽ ചെളിയുടെ അംശം കൂടുതലായതിനാൽ ലേലത്തിൽ പങ്കെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെ സംഭരിച്ച മണൽ പഞ്ചായത്തുകൾക്ക് ബാദ്ധ്യതയായി.
2. നദിയിൽ നിന്ന് വാരി കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ശേഖരിച്ചിരുന്ന മണ്ണ് വാങ്ങാനാളില്ലാതെ മാസങ്ങൾക്ക് ശേഷം നീക്കം ചെയ്യുകയായിരുന്നു. ഇതിനും തുക ചെലവായി. ഇൗ മണൽ ചെറുകോൽ പഞ്ചായത്തിലെ താഴ്ന്ന സ്ഥലങ്ങൾ നികത്താനാണ് ഉപയോഗിച്ചത്.
3. അയിരൂർ പ്രദേശങ്ങളിൽ നിന്ന് വാരിക്കൂട്ടിയ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത് സ്ഥലം നൽകാത്തതിനാൽ വാഴക്കുന്നം നീർപ്പാലത്തിന് സമീപം നദീതീരത്തുതന്നെ കൂട്ടിയിടുകയായിരുന്നു. ഇപ്പോഴും ഇവിടെ നദിയിലും നദീതീരത്തും പലഭാഗത്തും ഇത്തരത്തിൽ മൺകൂനകൾ കാണാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |