ന്യൂഡൽഹി : ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് 'അമ്പട ഞാനേ" ഭാവമെന്ന് സുപ്രീംകോടതി നിരീക്ഷണം. ഐ.പി.എസ്, ഐ.എഫ്.എസുകാർക്ക് മേൽ മേധാവിത്വം കാണിക്കുന്ന പ്രവണത ഐ.എ.എസ് ഉദ്യോഗസ്ഥർക്കുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്. ഐ.പി.എസ് ഉദ്യോഗസ്ഥർ ഐ.എഫ്.എസ് ഉദ്യോഗസ്ഥരോട് ഉത്തരവിടുന്ന വിഷയം വാദംകേൾക്കലിനിടെ ഉയർന്നുവന്നപ്പോഴാണ് പരാമർശങ്ങൾ. ഒരു വശത്ത് ഐ.എ.എസുകാരും മറുവശത്ത് ഐ.പി.എസ്,ഐ.എഫ്.എസ് ഉദ്യോഗസ്ഥരും തമ്മിൽ മാനസിക സംഘർഷാവസ്ഥയുണ്ട്. സർക്കാർ അഭിഭാഷകനായി മൂന്നു വർഷവും, ജഡ്‌ജിയായി 22 വർഷവും പ്രവൃത്തിച്ചയാളെന്ന നിലയിലാണിത് പറയുന്നതെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. ഒരു വിഭാഗത്തിന്റെ മേധാവിത്വ മനോഭാവം മറ്റു ഉദ്യോഗസ്ഥർക്ക് അമർഷമുണ്ടാക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇതുകാണാം. ആ സാഹചര്യം മാറണം. മറ്റു സിവിൽ സർവീസ് വിഭാഗത്തിലുള്ളവരെയും മാനിച്ചുതന്നെ ഐ.എ.എസ് ഉദ്യോഗസ്ഥർ മുന്നോട്ടുപോകണമെന്നും നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |