ആറ്റിങ്ങൽ: വേനൽ കനത്തിട്ടും ദാഹമകറ്റാൻ നാട്ടിൽ തണ്ണീർപ്പന്തലുകൾ എങ്ങുംതന്നെ ഒരുക്കിയിട്ടില്ല. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവർക്ക് ആശ്വാസം പകരുന്നതാണ് മുൻകാലങ്ങളിലെ വിവിധ മേഖലകളിലെ തണ്ണീർപ്പന്തലുകൾ. ബസ് സ്റ്റാൻഡ്, സർക്കാർ ഓഫീസുകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ,മാളുകൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി മുൻകാലങ്ങളിൽ തണ്ണീർപ്പന്തലുകൾ ഒരുക്കിയിരുന്നു. ഇവിടങ്ങളിൽ കുടിവെള്ളത്തിന് പുറമെ സംഭാരവും ചിലയിടങ്ങളിൽ തണ്ണിമത്തനും നൽകിയിരുന്നു. എന്നാൽ വേനൽച്ചൂടിൽ വെന്തുരുകുമ്പോഴും ഇക്കുറി ഒരിടത്തും തണ്ണീർപ്പന്തൽ കാണാനില്ല. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കഠിനമായ ചൂടാണെന്നും ജനം പുറത്തിറങ്ങരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിട്ടുണ്ടെങ്കിലും ജനം അതൊന്നും കണ്ടഭാവം നടിക്കുന്നില്ലെന്ന് നിരത്തുകളിലെ തിരക്കിൽ നിന്ന് മനസിലാക്കാം. തണ്ണീർപ്പന്തലുകൾ സർക്കാർ തലത്തിൽ ആരംഭിച്ചാൽ മറ്റിടങ്ങളിൽ അതിവേഗം സൗകര്യമൊരുങ്ങും. കുപ്പിവെള്ളത്തെയും ജ്യൂസ് പാർലറുകളെയും ആശ്രയിക്കാൻ സാധാരണക്കാരന് കഴിയില്ല. പഴവർഗങ്ങളുടെ വില അടിക്കടി ഉയരുന്നതും തിരിച്ചടിയാകുന്നു. നോമ്പുകാല വിലവർദ്ധന വേറെയും.
പക്ഷിമൃഗാദികൾക്കും വെള്ളമില്ല
വേനലിൽ പക്ഷിമൃഗാദികളുടെ കാര്യവും കഷ്ടം തന്നെ. മുൻകാലങ്ങളിൽ വീടുകൾക്ക് മുന്നിൽ മൺചട്ടികളിൽ കുടിവെള്ളം നൽകിയിരുന്നു. ഇപ്പോൾ അതും ഇല്ലാത്ത അവസ്ഥയാണ്.
നദിയും വറ്റി
ജില്ലയുടെ പ്രധാന ജലസ്രോതസായ വാമനപുരം നദിയും ഇതിനോടകം വറ്റിത്തുടങ്ങി. വീടുകളിലെ കിണറുകളുടെയും അടിത്തട്ട് കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രതീക്ഷിച്ച വേനൽ മഴ ഇനിയും ഉണ്ടായിട്ടില്ല. ഈ നില തുടർന്നാൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരുമെന്ന ഭീതിയിലാണ് ജനം.
ജലദൗർലഭ്യം പരിഹരിക്കാൻ അടിയന്തര നടപടികൾ ഇനിയും അധികൃതർ ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണത്തിന് കർശന നിയന്ത്രണം വരുന്നതോടെ ജനം നട്ടംതിരിയേണ്ട അവസ്ഥയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |