കുട്ടികൾ നമ്മുടെ ഓമനകൾ ആണ്. എന്നാൽ ഇന്ന് കുട്ടിത്തം നഷ്ടമായ പ്രവർത്തികളിൽ ഏർപ്പെട്ട് ജീവിതം തന്നെ നഷ്ടമാക്കുകയാണ് നമ്മുടെ മക്കൾ. ന്യുജെൻ എന്നപദത്തിൽ എല്ലാം തികഞ്ഞുവെന്ന് അഹങ്കരിക്കുന്ന പുതുതലമുറ ലഹരിയിലും ക്രൂരതയിലും ആനന്ദം കണ്ടെത്തുകയാണ്. കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തവർ, ലഹരിയുടെ ഉൻമാദത്തിൽ ജന്മം നൽകിയ മാതാപിതാക്കൾക്ക് നേരെപോലും ആയുധമെടുക്കുന്ന കാഴ്ചകൾ. അറിവ് പകർന്ന അദ്ധ്യാപക സമൂഹത്തെ ഭീഷണപ്പെടുത്തുന്നവർ, സഹപാഠിയുടെ ജീവനെടുക്കാൻ കൂട്ടംകൂടുന്നവർ, കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ... ഓരോ നിമിഷവും നടുക്കുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും. വിദ്യാർത്ഥികളിൽ വളരുന്ന ലഹരി ഉപയോഗവും അക്രമവാസനയും ഒരുതരത്തിലും അംഗീകരിക്കാനാകില്ല. പ്രതിരോധിച്ചേ മതിയാകൂ...പുതിയ തലമുറയ്ക്ക് എന്തു സംഭവിക്കുന്നുവെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാതെയുള്ള പ്രതിരോധമാണ് അനിവര്യം. ജില്ലയിലെ പ്രമുഖർ പ്രതികരിക്കുന്നു....
പ്രധാനം പ്രതിരോധം
ക്ലാസുകൾ, തെരുവ് നാടകം, ഫ്ലാഷ് മൊബ് തുടങ്ങിയ രീതികളിൽ നിന്ന് മാറി ബോധവൽക്കരണത്തിന് പുതിയ തലം വേണം. ലഹരി ഉപയോഗിച്ചാൽ എന്ത് സംഭവിക്കുമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. ഡി അഡിക്ഷൻ സെന്ററുകളിൽ എന്ത് സംഭവിക്കുന്നുവെന്ന് കുട്ടികളും മനസിലാക്കണം. പ്രതിരോധത്തിന് കുറച്ചുകൂടി മുൻതൂക്കം നൽകണം. നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. എൻഫോഴ്സ്മെന്റ് ശക്തമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. ജില്ലയിൽ ലഹരിക്കെതിരെ ആരോഗ്യപരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതികൾ നടപ്പാക്കും.
എസ്.പ്രേം കൃഷ്ണൻ (ജില്ലാ കളക്ടർ)
നിഷ്കളങ്കത നഷ്ടമായ ബാല്യം
മുമ്പ് കുട്ടികളിൽ കണ്ടിരുന്ന നിഷ്കളങ്കത ഇപ്പോൾ ഇല്ല. ഫോൺ ഉപയോഗിക്കാൻ വിലക്ക് ഏർപ്പെടുത്തിയ കാലത്തിൽ നിന്ന് കൊവിഡ് സമയത്ത് എല്ലാ കുട്ടികൾക്കും ഫോൺ നൽകേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ വന്നു. മുമ്പ് വർഷത്തിൽ ഒന്നോ രണ്ടോ മദ്യപാന കേസുകൾ ആയിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്ന് ക്ലാസ് മുറികളിൽ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ പറ്റാതായി. സ്കൂളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഇത്തരത്തിലുള്ളവർക്കാണ്. അദ്ധ്യാപകരോടും രക്ഷിതാക്കളോടും കുട്ടികൾക്ക് യാതൊരു താൽപര്യവുമില്ല.
കണിമോൾ (അദ്ധ്യാപിക, എഴുത്തുകാരി)
വേണം ശരിയായ ബോധവത്കരണം
പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല. കുട്ടികളിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ആർക്കും സാധിക്കുന്നില്ല. ശരിയായ ബോധവൽക്കരണം അല്ല നിലവിൽ നടക്കുന്നത്. എത്ര ലഹരി ഉണ്ടെന്നും ഇത്ര അളവിൽ ഉപയോഗിച്ചാൽ തലയ്ക്ക് പിടിക്കുമെന്നൊക്കെ പറയുമ്പോൾ ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് കുട്ടികൾ മനസിലാക്കുന്നത്. എക്സൈസും പൊലീസും സ്വന്തം ജോലി ചെയ്യണം. നിയമം നടപ്പിലാക്കണം. മാതൃകയാക്കാവുന്ന തരത്തിൽ നിയമം നടപ്പാക്കണം.
ഡോ.എം.എസ്.സുനിൽ (സാമൂഹ്യ പ്രവർത്തക)
മാറണം മനോഭാവം
കുട്ടികളുടെ മാനസികനിലയിൽ കൊവിഡിന് മുമ്പും പിമ്പും വന്ന പരിവർത്തനം വളരെ വലുതാണ്. കുട്ടികൾ ക്ലാസ് മുറിയിൽ പെരുമാറുന്നത് പോലും താനെവിടെയാണ് എന്ന ചിന്തയില്ലാതെയാണ്. രഹസ്യങ്ങളുടെ കെട്ടഴിക്കാൻ പരസ്യമായ ഇടങ്ങൾ ധാരാളം, അതിൽ അവർക്ക് ലജ്ജയില്ല. മറ്റുള്ളവർ കാഴ്ചക്കാരായാൽ പോലും അത് തങ്ങളെ ബാധിക്കുകയില്ലായെന്ന മനോഭാവം. എല്ലാം വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന അഹങ്കാരം മനുഷ്യരെ സഹജീവികളിൽ നിന്നകറ്റി. സ്‌നേഹം കുടുംബത്തിൽ നിന്ന് അന്യമാകുന്നു.
റെജി മലയാലപ്പുഴ (വിദ്യാഭ്യാസ പ്രവർത്തകൻ)
നിയന്ത്രണം അനിവാര്യം
കുട്ടികളോടൊപ്പം ചെലവിടാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. നിലവിലെ ബോധവൽക്കരണ രീതികളിൽ മാറ്റം വരണം. നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കിയാൽ ഒരു പരിധി വരെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ സാധിക്കും. സിനിമയും സോഷ്യൽ മീഡിയയും ഒരു ഘടകമാണെങ്കിലും നിലവിലെ സാഹചര്യങ്ങൾക്ക് കാരണം അത് മാത്രമല്ല. പൂർണമായി കുട്ടികളെ മനസിലാക്കുന്നതിൽ രക്ഷിതാക്കളും അദ്ധ്യാപകരും പരാജയപ്പെടുന്നുണ്ട്. പാവമെന്ന് കരുതുന്ന പല കുട്ടികളാണ് ഇന്ന് ലഹരിയ്ക്കടിമപ്പെട്ടിരിക്കുന്നത്.
സി.എസ്.ധന്യ
(ഭൂമിക കോർഡിനേറ്റർ ആൻഡ് സൈക്കോളജിസ്റ്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |