മുണ്ടക്കയം : പുലിയുടെ ആക്രമണത്തിൽ വളർത്തുനായയ്ക്ക് ഗുരുതര പരിക്കേറ്റതോടെ ഭീതിയിൽ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് ഗ്രാമം. പാലൂർക്കാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായയാണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി 7 ഓടെ വീടിന് സമീപത്തെ റോഡരികിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ ബിൻസി കാണുന്നത് നായയെ ഏതോ വലിയ ജീവി കടിച്ചുപറിച്ച് കൊണ്ടുപോകുന്നതാണ്. ബഹളമുണ്ടാക്കിയതോടെ നായയെ ഉപേക്ഷിച്ച് ജീവി ഓടി മറഞ്ഞു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നായ്ക്കുട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഉടൻ പഞ്ചായത്ത് അംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയാണെന്ന് ഉറപ്പിച്ചു. പ്രദേശത്ത് കൂടു സ്ഥാപിക്കാനാണ് വനം വകുപ്പ് നീക്കം. മുപ്പത്തിയഞ്ചാംമൈലിലെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച നായയുടെ മുറിവിൽ തുന്നലിട്ടു.
വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവ്
മുൻപും പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ കാണാതായിട്ടുണ്ട്. ഇവയെ പുലി പിടിച്ചുകൊണ്ടു പോയതാണെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ. പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ എത്രയും വേഗം പിടികൂടി ഭീതി അകറ്റണമെന്നാണ് ആവശ്യം. എസ്റ്റേറ്റ്, ടാപ്പിംഗ് തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. പുലർച്ചെ നിരവധിപ്പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവരും ഭീതിയിലാണ്. വനാതിർത്തിയുമായി പങ്കിടുന്ന പ്രദേശമാണിത്. റബർവിലയിടിവിനെ തുടർന്ന് നിരവധിത്തോട്ടങ്ങളും ടാപ്പിംഗ് നിലച്ച് കാടുകയറി കിടക്കുകയാണ്. ഇവിടങ്ങളിൽ പുലി പതുങ്ങിയിരിക്കാൻ സാദ്ധ്യതയേറെയാണ്.
പൊറുതിമുട്ടി കർഷകരും
കണമല, ഇടകടത്തി സമാന്തരപാതയിലെ പാറക്കടവിൽ ഒറ്റയാനിറങ്ങി കൃഷിയിടങ്ങൾ നശിപ്പിച്ചത് രണ്ടുദിവസം മുൻപാണ്.
പുതിയാപ്പറമ്പിൽ ടോമിയുടെ പച്ചക്കറികൃഷിയും , 50ഏത്തവാഴ, 25 കമുക്, 10 കൊക്കോ മരങ്ങൾ എന്നിവയാണ് നശിച്ചത്. മേച്ചേരിത്തകിടിയേൽ ജോണിന്റെ കൃഷിയിടത്തിലെ 25 കുലച്ചവാഴയും, കമുകുകളും നശിപ്പിച്ചു. വനത്തിൽ നിന്ന് പമ്പയാർ കടന്നാണ് ഒറ്റയാനെത്തിയത്. സമീപ മേഖലകളായ ഇടകടത്തി, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങളും കാട്ടാനശല്യത്തിന്റെ പിടിയിലാണ്. മൂക്കംപെട്ടി പത്തേക്കർ ഭാഗത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞദിവസം ടി.കെ. ഷിജുകുമാറിന്റെ കൃഷിയിടത്തിൽ കാട്ടുപോത്തിറങ്ങി നാശംവിതച്ചു. മൂക്കംപെട്ടി, പത്തേക്കർ, അരുവിക്കൽ, എയ്ഞ്ചൽവാലി, മൂലക്കയം, കിസുമം, അരയാഞ്ഞിലിമൺ തുടങ്ങിയ പ്രദേശങ്ങളിൽ കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യവുമുണ്ട്.
''പ്രദേശത്ത് കാട്ടാനശല്യം പതിവാണ്. വനപാലകരെ അറിയിച്ചിട്ടും പരിഹാരനടപടികൾ ഉണ്ടാകുന്നില്ല. കൊക്കോ, നാളികേരം എന്നിവ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് കൃഷി ചെയ്യാനാവാത്ത അവസ്ഥയാണ്.
ജിൻസി, വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |