രാജ്യത്തെവിടെയും ഇത് പരീക്ഷാക്കാലമാണ്. ഒരു വർഷത്തെ പഠനഭാരം പരീക്ഷയിൽ ഇറക്കിവച്ചു കഴിയുമ്പോൾ അല്പസമയത്തേക്കെങ്കിലും കുട്ടികൾക്ക് ആശ്വസിക്കാം. എന്നാൽ പരീക്ഷയിൽ അങ്ങിങ്ങു നടക്കുന്ന ക്രമക്കേടുകളും ചോദ്യച്ചോർച്ചയും അടുത്ത കാലത്ത് വർദ്ധിച്ചുവരുന്നത് വലിയ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. ശാസ്‌ത്രം, സാങ്കേതികം, ബിസിനസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉന്നത പരീക്ഷകളിൽ മാത്രമല്ല, ഇരുപത്തഞ്ചു ലക്ഷത്തോളം പേർ എഴുതുന്ന നീറ്റ് പരീക്ഷയിൽപ്പോലും ക്രമക്കേടുകൾ നടക്കുന്നു. ക്രമക്കേട് പുറത്താകുന്നതിനൊപ്പം റാങ്ക് പട്ടിക അപ്പാടെ മാറിമറിയുന്നു. പരീക്ഷാ നടത്തിപ്പ് കോടതി കയറുന്നു. നീറ്റ് പ്രവേശനത്തിൽ ആഴ്ചകൾ നീണ്ട അനിശ്ചിതത്വവും കുഴപ്പങ്ങളും കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ ബാക്കിപത്രമായി ഇപ്പോഴും മുന്നിലുണ്ട്. സ്‌കൂൾ പരീക്ഷകളിൽപ്പോലും ചോദ്യപേപ്പർ ചോർച്ചയും കൃത്രിമങ്ങളും ഇന്ന് സാധാരണമായിരിക്കുന്നു. ഈ അദ്ധ്യയന വർഷം ക്രിസ്‌മസ് സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിന്റെ അലകൾ ഇതുവരെ അടങ്ങിയിട്ടില്ല.
ചോദ്യങ്ങൾ ചോർത്തി വിറ്റഴിച്ച പ്രധാന പ്രതി മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നടത്തിയ നിരീക്ഷണം പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സകലരും ഗൗരവമായി ഉൾക്കൊള്ളുകതന്നെ വേണം. സ്‌കൂൾ പരീക്ഷയല്ലേ; അത്ര വലിയ ഗൗരവമൊന്നും കൊടുക്കേണ്ടതില്ല എന്നൊരു പൊതുധാരണ ഒരിക്കലും വച്ചുപുലർത്തരുത്. ഏതു ചെറിയ പരീക്ഷയും അതിന്റേതായ സുതാര്യതയോടും വിശ്വാസ്യതയോടും കൂടി വേണം നടത്താൻ. പരീക്ഷയുടെ വിശ്വാസ്യത ഇല്ലാതായാൽപ്പിന്നെ ആ പരീക്ഷയ്ക്ക് എന്തു വിശുദ്ധിയാണുള്ളത്? വളഞ്ഞ വഴികളിലൂടെ സൂത്രത്തിൽ പരീക്ഷയ്ക്കു മുന്നേ ചോദ്യപേപ്പർ സംഘടിപ്പിച്ച് 'കൂളായി" പരീക്ഷ എഴുതുന്ന വീരന്മാർ സഹപാഠികളോടും സമൂഹത്തോടും ചെയ്യുന്ന ദ്രോഹം വലുതാണ്.
സ്‌കൂൾ പരീക്ഷകളും ഗൃഹാതുരത്വം ഉൾക്കൊള്ളുന്നവയാണെന്നും, ഭാവിജീവിതത്തിൽ സരസമായി ഓർമ്മിക്കാൻ വക നൽകുന്നതാണെന്നുമുള്ള കോടതി നിരീക്ഷണം സ്‌കൂൾ വിദ്യാഭ്യാസകാലം മനസിലേക്ക് കൊണ്ടുവരികതന്നെ ചെയ്യും. ചോദ്യപേപ്പർ മുന്നിലെത്തുന്നതുവരെയുള്ള സമയം ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും ഭീതിയുടേതുമാണ്. ചോദ്യങ്ങളിലേക്കു കണ്ണോടിക്കുമ്പോൾ അനായാസം ഉത്തരമെഴുതാനാവുന്ന ചോദ്യങ്ങൾ കാണുമ്പോൾ കുട്ടിയുടെ മനസിലുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. എന്നാൽ നേരത്തെ ചോദ്യങ്ങൾ മോഷ്ടിച്ചെടുത്ത് പരീക്ഷ എഴുതാനെത്തുന്ന വിരുതന്മാർക്ക് ഇത്തരം ആനന്ദം അനുഭവിക്കാനാകില്ല. ചോദ്യപേപ്പറുകൾ നേരത്തേ സംഘടിപ്പിച്ച് കുട്ടികൾക്കിടയിൽ വിറ്റ് പണം സമ്പാദിക്കുന്ന തട്ടിപ്പുസംഘങ്ങൾ പണ്ടു തൊട്ടേയുണ്ട്. സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളുടെ ചോദ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും ഉടലെടുത്തിട്ടുണ്ട്. കേസുകളിൽ ഉൾപ്പെട്ട പ്രതികളിൽ ചിലരൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
ഇതൊന്നും പക്ഷേ തട്ടിപ്പുസംഘങ്ങളെ പിന്നോട്ടുവലിക്കുന്നില്ല. തരം കിട്ടുമ്പോഴെല്ലാം അവർ തങ്ങളുടെ 'തൊഴിൽ" തുടരുക തന്നെ ചെയ്യുന്നു. പണ്ട് പ്രീഡിഗ്രിയുടെ കാലത്ത് പരീക്ഷാ ഉത്തരക്കടലാസുകളിൽ മാർക്ക് കൂട്ടിയെഴുതി പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ഉറപ്പാക്കാൻ ഗൂഢസംഘങ്ങൾ പ്രവർത്തിച്ചിരുന്നു. അതു കണ്ടുപിടിച്ചതോടെയാണ് പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശന പരീക്ഷാ സംവിധാനം ഇവിടെ നിലവിൽ വന്നത്. പ്രവേശന പരീക്ഷകളിലും വ്യാപകമായ തോതിൽ ക്രമക്കേടുകൾ നടക്കുന്നതിന്റെ ഉദാഹരണങ്ങൾ വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഈയിടെ പതിവായി കേൾക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തു മാത്രമല്ല, ഉദ്യോഗ നിയമനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷകളിലും ക്രമക്കേടുകൾ വർദ്ധിച്ചുവരികയാണ്. ക്രമക്കേടു കാട്ടുന്നവരെ കണ്ടുപിടിച്ചാൽ അവർക്ക് കഠിനശിക്ഷ തന്നെ നൽകണം. അതിലൂടെ മാത്രമേ ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |