ഭരണകക്ഷി എം.എൽ.എയുടെ പരാതിക്ക് പുല്ലുവില
കഞ്ചിക്കോട്: സംഭരണശേഷി കൂട്ടുന്നതിനായി വാളയാർ ഡാമിൽ നിന്നെടുക്കുന്ന ചെളിയും മണലും അവിടെ നിന്ന് തന്നെ കടത്തിക്കൊണ്ടു പോകണമെന്ന ഭരണകക്ഷി എം.എൽ.എയുടെ ആവശ്യം അവഗണിച്ചും മണൽകടത്ത് തുടരുന്നു. ഡാമിലെ ചെളിയെടുക്കുന്നതിന്റെ മറവിൽ കോരയാർ പുഴയിലെ മണൽ കൂടി കടത്തുകയാണ്. ഡാമിൽ നിന്നെടുക്കുന്ന ചെളിയും മണ്ണും കഴുകാനെന്ന പേരിൽ പുഴയിലിട്ടതിന് ശേഷം പുഴയിൽ അടിഞ്ഞ് കിടക്കുന്ന മണൽ കൂടി എടുക്കുകയാണ് ചെയ്യുന്നത്. വലിയ തോതിൽ മണൽ അടിഞ്ഞ് കൂടി കിടക്കുന്ന പുഴയിലേക്ക് ഡാമിലെ ചെളിയും മണ്ണും കൊണ്ടിട്ട് അവിടുന്ന് കടത്തിക്കൊണ്ടു പോകുമ്പോൾ സ്വാഭാവികമായി പുഴമണലും അതിലുൾപ്പെടുമെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് സ്ഥലം എം.എൽ.എ എ.പ്രഭാകരൻ സ്വീകരിച്ച നിലപാട്.
കരാറുകാർക്ക് ഇരട്ടിലാഭം
ഡാമിലെ ചെളിയും മണലും ഉയർന്ന വിലയ്ക്ക് വിൽക്കുന്ന കരാറുകാർ തങ്ങൾക്ക് അർഹതപ്പെടാത്ത പുഴമണൽ കൂടി എടുത്ത് അമിത ലാഭം കൊയ്യുകയാണെന്നാണ് ആരോപണം. നാട്ടുകാർ വിവരം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എ.പ്രഭാകരൻ വിഷയം ഡി.ഡി.സി യോഗത്തിൽ ഉന്നയിച്ചു. ജലവിഭവ വകുപ്പ് അധികൃതർക്ക് പരാതിയും നൽകി. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും എം.എൽ.എയുടെ പ്രതിഷേധത്തിന് പുല്ല് വില കൽപ്പിച്ച് മുന്നോട്ട് പോവുകയാണ് ജലവിഭവ വകുപ്പ്. ഡാം ആഴം കൂട്ടൽ ഒന്നാം ഘട്ടത്തിൽ ഡാമിലെ ചെളിയും മണ്ണും അവിടെ നിന്ന് തന്നെ കൊണ്ടു പോവുകയായിരുന്നു. ഇത്തവണ ചെളിയും മണ്ണും പുഴയിൽ കഴുകിയെടുക്കാൻ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് കരാറുകാർ എം.എൽ.എയ്ക്ക് നൽകിയ വിശദീകരണം. ഇങ്ങിനെ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണമെന്നാണ് എം.എൽ.എ ജലവിഭവ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്. ജിയോളജി ഉദ്യോഗസ്ഥർ എം.എൽ.എയെ ഫോണിൽ വിളിച്ച് അന്വേഷിച്ചതൊഴിച്ചാൽ വേറൊരു നടപടിയും ഉണ്ടായിട്ടില്ല. ഡാമിലെ ചെളിയെടുക്കൽ ത്വരിതഗതിയിൽ നടന്ന് വരികയാണ്. കേരള സ്റ്റേറ്റ് മിനറൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ്(കെംഡൽ) കരാറുകാരെ ഏൽപ്പിക്കൽ ഉൾപ്പെടെ പദ്ധതിയുടെ നിർവ്വഹണ ചുമതല.
18.4 മില്യൺ ക്യുബിക് മീറ്ററാണ് വാളയാർ ഡാമിന്റെ ആകെ സംഭരണ ശേഷി. ചെളിയും മണ്ണും നിറഞ്ഞ് ഇതിന്റെ പകുതി പോലും സംഭരണ ശേഷിയില്ലാതായി. ഈ സാഹചര്യത്തിലാണ് മണ്ണ് നീക്കി ഡാം ആഴം കൂട്ടാൻ നടപടി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |