തിരുവനന്തപുരം: ലളിതമായ ചോദ്യങ്ങളിലൂടെ വിദ്യാർത്ഥികളിൽ സന്തോഷം നിറയ്ക്കുന്നതായിരുന്നു എസ്.എസ്.എൽ.സി മലയാളം രണ്ടാംപേപ്പർ പരീക്ഷ. ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള ആദ്യത്തെ അഞ്ച് ചോദ്യങ്ങൾ ഒറ്റവായനയിൽ ഉത്തരം കണ്ടെത്താനാവുന്നതായിരുന്നു.
ആറ് മുതൽ എട്ടുവരെയുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതേണ്ടതുണ്ട്. ഇതിൽ ഉചിതമായ ചിഹ്നം ചേർത്തെഴുതാനുള്ള വാക്യം പാഠഭാഗത്ത് നിന്നുള്ളതായതിനാൽ എളുപ്പമായി. 'കൊച്ചുചക്കരച്ചി'യുടെ രണ്ട് മനുഷ്യഭാവം എഴുതുന്നതുപോലുള്ളവ പരിചിതചോദ്യങ്ങളായിരുന്നു. സാധാരണ ഈ ഭാഗത്ത് അർത്ഥവ്യത്യാസം വരാതെ രണ്ട് വാക്യമാക്കുകയെന്ന ചോദ്യം ഒഴിവാക്കിയിട്ടുണ്ട്. നാല് മാർക്കിന്റെ അഞ്ച് ചോദ്യങ്ങളിൽ ഒരു ചോദ്യം മാത്രമേ കവിതാഭാഗത്ത് നിന്നുണ്ടായിട്ടുള്ളൂ.
സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പത്രങ്ങളുടെ വിശ്വാസ്യത വിലയിരുത്തുക എന്ന ചോദ്യത്തിന് വായനയും സാമൂഹികബോധവുമുള്ളവർക്ക് നന്നായി എഴുതാം. അതുപോലെ, ശ്രീനാരായണഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നീ സന്ദേശങ്ങളുടെ സമകാലികപ്രസക്തി എന്ന ചോദ്യത്തിനും ചിന്തിക്കുന്നവർക്ക് നന്നായി ഉത്തരമെഴുതാം.
ബാക്കിയുള്ള മൂന്ന് ചോദ്യങ്ങൾ ഭാവതീവ്രത,സ്‌നേഹം എന്നിവ വെളിവാക്കുന്ന കഥകളിൽ നിന്നായതിനാൽ സാധാരണ നിലവാരമുള്ള വിദ്യാർത്ഥികൾക്കും ഉത്തരമെഴുതാം.
പതിനഞ്ച് മുതൽ പതിനേഴ് വരെയുള്ള ആറ് മാർക്കിന്റെ മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതിയാൽ മതി. കാവ്യഭാഗങ്ങൾക്ക് ആസ്വാദനമെഴുതാനുള്ള ചോദ്യം ഇപ്രാവശ്യം ഉണ്ടായില്ല. പകരം 'കോഴിയും കിഴവിയും' എന്ന കഥയുടെ ആസ്വാദനമാണ് എഴുതേണ്ടിയിരുന്നത്. മാതൃസ്‌നേഹത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന 'അമ്മത്തൊട്ടിൽ' എന്ന കവിതയിൽനിന്നുള്ള ചോദ്യവും 'മാതൃഭാഷയും മലയാളികളും ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള എഡിറ്റോറിയലും വിദ്യാർത്ഥികൾ പ്രതീക്ഷിച്ചത് തന്നെയാണ്.
പരിചിത ചോദ്യങ്ങളായിരുന്ന പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കു വരെ ഉയർന്ന ഗ്രേഡ് ലഭിക്കുമെന്നതിൽ സംശയമില്ല.
തയാറാക്കിയത്: ഷൈജു ജോസഫ്
മലയാളം ഹൈസ്‌കൂൾ അദ്ധ്യാപകൻ,
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |