ആലപ്പുഴ: ചൂട് കടുക്കുകയും നോമ്പുകാലം തുടങ്ങുകയും ചെയ്തതോടെ ചെറുനാരങ്ങ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു. കിലോയ്ക്ക് 40 മുതൽ 60 രൂപയിൽ നിന്ന് 140 ലേക്കാണ്
നാരങ്ങയുടെ കുതിച്ചുചാട്ടം. മൊത്തവിലയാണിത്. ചില്ലറ കടകളിലെത്തുമ്പോൾ ഇത്
180രൂപവരെ എത്തും. തൂക്കമനുസരിച്ച് ഒരെണ്ണത്തിന് 8-10 രൂപ നൽകണം. നാരങ്ങ വെള്ളത്തിന്റെ വിലയാകട്ടെ 15 നിന്ന് 20 രൂപ ആയി. ഒരു മാസത്തിനുള്ളിൽ നാലിരട്ടിയോളമാണ് നാരങ്ങ വില വർദ്ധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും വില ഉയരാനാണ് സാദ്ധ്യത. ഇതോടെ നാരങ്ങ അച്ചാറിനും വിലകൂടും.
നാടന് പ്രിയമില്ല
# സംസ്ഥാനത്ത് പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ചെറുനാരങ്ങ കൃഷിയുള്ളത്
# കാലാവസ്ഥാവ്യതിയാനം കാരണം വിളവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം
# കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിൽ നിന്നുള്ള നാരങ്ങയാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ ഇപ്പോൾ കൂടുതലായി എത്തുന്നത്
# ഇവിടെ നിന്ന് 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. ഇതിൽ 10 കിലോയോളം കേട് കാരണം നഷ്ടമാകുന്നതും വില കൂടാൻ കാരണമായി
# വലിപ്പം കുറവായതിനാൽ നാടൻ നാരങ്ങയ്ക്ക് ആവശ്യക്കാർ കുറവാണ്. വലിപ്പകൂടുതലുള്ള അന്യസംസ്ഥന നാരങ്ങായ്ക്ക് പ്രിയമേറെയാണ്
മലയോര ജില്ലകളിലെ തോട്ടങ്ങളിൽ നിന്ന് വേണ്ടത്ര നാരങ്ങ ലഭിക്കുന്നില്ല. ഉത്പാദനം കുറവ് വിലവർദ്ധനയ്ക്ക് കാരണമായി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്
- സുമേഷ്, ചെറുകിട വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |