നെയ്യാറ്റിൻകര: മാറനല്ലൂർ കുക്കിരിപ്പാറ ഇരട്ടക്കൊലക്കേസിൽ പ്രതി അരുൺരാജ് കുറ്റക്കാരനെന്ന് കോടതി. മാറനല്ലൂർ മൂലക്കോണം ഇളംപ്ലാവിള വീട്ടിൽ സന്തോഷ് (42,ചപ്പാത്തി സന്തോഷ്), സുഹൃത്ത് സജീഷ് (39,പക്രു) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മാറനല്ലൂർ മൂലക്കോണം വീട്ടിൽ അരുൺ രാജിനെയാണ് (32, പ്രകാശ്) കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാകോടതി ജഡ്ജി എ.എം.ബഷീർ കണ്ടെത്തിയത്.
2021 ആഗസ്റ്റ് 14ന് രാത്രി 11.45നായിരുന്നു സംഭവം. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. ഇയാളുടെ സുഹൃത്തും ക്വാറി തൊഴിലാളിയുമാണ് ഒപ്പം കൊല്ലപ്പെട്ട സജീഷ്. പ്രതി അരുൺരാജ് ഉൾപ്പെടെയുള്ള സംഘം പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ സന്തോഷ് അരുൺരാജിനെ മർദ്ദിച്ചു.
മാസങ്ങൾക്കുശേഷം സന്തോഷിന്റെ വീട്ടിൽ വച്ചുനടന്ന മദ്യസത്കാരത്തിൽ പ്രതിയും പങ്കെടുത്തിരുന്നു. എല്ലാവരും പിരിഞ്ഞശേഷം സന്തോഷിന്റെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന പാറ തുരക്കാൻ ഉപയോഗിക്കുന്ന ജാക് ഹാമറിന്റെ കമ്പി ഉപയോഗിച്ച് സജീഷിനെയും സന്തോഷിനെയും തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് എണീക്കാൻ ശ്രമിച്ച സന്തോഷിനെ പ്രതി കൈയിൽ കരുതിയ വടിവാൾകൊണ്ട് പുറംകഴുത്തിന് വെട്ടുകയായിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കിയ പ്രതി പിറ്റേദിവസം സ്വാതന്ത്ര്യ ദിനത്തിൽ വെളുപ്പിനെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കേസിൽ ഇരുഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിനുമായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |